തിരുവനന്തപുരം: ഷൊർണ്ണൂരിലേക്ക് രാവിലെ 5ന് തിരുവനന്തപുരത്തുനിന്നുള്ള വേണാട് എക്സ് പ്രസ് ഇനി വെറും ലോക്കൽ ട്രെയിനല്ല. പകരം, സംസ്ഥാനത്തെ ഏറ്റവും ഹൈടെക്കായ ഇന്റർനാഷണൽ നിലവാരമുള്ള ട്രെയിനാണ്. വ്യാഴാഴ്ച മുതൽ വേണാട് പുതിയ ജർമ്മൻ നിർമ്മിത എൽ.എച്ച്.ബി കോച്ചുമായാണ് യാത്ര. രാജധാനിയുൾപ്പെടെ സംസ്ഥാനത്ത് സർവീസ് നടത്തുന്ന നിരവധി ട്രെയിനുകൾ ഇപ്പോൾ എൽ.എച്ച്. ബിയാണ്. എന്നാൽ അതിൽ നിന്ന് വേണാടിനെ വ്യത്യസ്തമാക്കുന്നത് വിമാനത്തികത്തെന്ന പോലെയുള്ള ആധുനിക സംവിധാനങ്ങളാണ്. രാജ്യത്ത് എൽ.എച്ച്. ബി. കോച്ചുകളുമായി ഏറ്റവും കുറഞ്ഞ ദൂരത്തിൽ സർവീസ് നടത്തുന്ന ട്രെയിനെന്ന ബഹുമതിയും വേണാടിന് തന്നെ.
അതേസമയം, ട്രെയിനിൽ സി.സി. ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ, ഡിവിഷണൽ റെയിൽവേ അധികൃതരോട് ആവശ്യപ്പെട്ടു.
1972 ലാണ് വേണാട് സർവീസ് ആരംഭിച്ചത്. 80കളിൽ കേരളത്തിലെ ആദ്യ ഡബിൾ ഡെക്കർ ട്രെയിനായി. പിന്നീട് ഡബിൾ ഡെക്കർ കോച്ചുകൾ സുരക്ഷാ കാരണങ്ങളാൽ ഉപേക്ഷിച്ചു. ഈ തീവണ്ടിയാണ് വീണ്ടും മുഖം മാറ്റുന്നത്.
ഉൾവശം കമനീയം,അത്യാധുനികം
വിമാനത്തിന്റെ ഉൾവശം പോലെ മനോഹരം, ഒട്ടും ഞെരുങ്ങാതെ കാലു നീട്ടി ഇരിക്കാനുള്ള സൗകര്യം, സുരക്ഷിതത്വത്തിനും ശുചിത്വത്തിനും പ്രധാന്യം നൽകിയുള്ള പുത്തൻ കോച്ചുകൾ എന്നിവയാണ് പ്രധാന പ്രത്യേകതകൾ.
ഒരു സെക്കൻഡ് സിറ്റിംഗ് കോച്ചിൽ ലഘുഭക്ഷണ കൗണ്ടറുമുണ്ടാകും. എസി ചെയർ കോച്ചിൽ ട്രെയിൻ എവിടെയെത്തിയെന്ന് അറിയിക്കുന്ന എൽ.ഇ.ഡി ബോർഡ് വൈകാതെ സജ്ജമാകും. ശുചിമുറിയിൽ ആളണ്ടോയെന്നറിയാൻ വാതിലിൽ തന്നെ ഇൻഡിക്കേഷൻ തെളിയും. മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ സീറ്റിനരികിൽ പ്ലഗ് പോയിന്റുകൾ. ഹെഡ് ഓൺ ജനറേഷൻ സാങ്കേതിക വിദ്യ വഴി ട്രെയിനിലെ ഫാനുകളും ലൈറ്റുകളും പ്രവർത്തിക്കുന്നത് എൻജിനിൽനിന്നുള്ള വൈദ്യുതി ഉപയോഗിച്ചാണ്. പുഷ്ബാക് സംവിധാനമുള്ള സീറ്റുകളാണു ജനറൽ കോച്ചുകളിലുള്ളത്. ശതാബ്ദി മാതൃകയിൽ നീല നിറമുള്ള കോച്ചുകളായിരിക്കും ഇനി വേണാടിനും. ചെയർ കാർ അല്ലാത്ത 3 ജനറൽ കോച്ചുകളും വൈകാതെ ചെയർ കാറാക്കി മാറ്റും.
എൽ.എച്ച്.ബി
ജർമനിയിലെ അൽസ്റ്റോം കമ്പനി നിർമ്മിക്കുന്ന എൽ.എച്ച്.ബി കോച്ചുകൾ 2000ലാണ് ആദ്യമായി, ജനശതാബ്ദി എക്സ്പ്രസുകൾക്കു വേണ്ടി റെയിൽവേ വാങ്ങിയത്. പിന്നീട് സാങ്കേതിക വിദ്യാ കൈമാറ്റത്തിലൂടെ കപൂർത്തലയിലെ റെയിൽവേ കോച്ച് ഫാക്ടറിയിൽ ഇവ നിർമ്മിച്ചു തുടങ്ങി. അപകടത്തിൽപെടുന്ന സാഹചര്യത്തിൽ കോച്ചുകൾ തമ്മിൽ തുളച്ചു കയറില്ല. കുറഞ്ഞ ഭാരമുള്ള അലുമിനിയം കോച്ചുകളായതിനാൽ ശബ്ദം കുറവാണ്. എൽ.എച്ച്.ബി മണിക്കൂറിൽ 180 കിലോമീറ്റർ വരെ വേഗത്തിൽ ഓടിക്കാമെന്നതും പ്രത്യേകതയാണ്.