നെടുമങ്ങാട്: പ്രതിദിനം പതിനായിരങ്ങൾ വന്നുപോകുന്ന നെടുമങ്ങാട് ട്രാൻസ്‌പോർട്ട് ഡിപ്പോയിൽ നിരീക്ഷണ കാമറകൾ സ്ഥാപിക്കാനുള്ള തീരുമാനം മാസങ്ങളായി ഫ്രീസറിൽ. സുരക്ഷ ക്രമീകരണങ്ങളുടെ അഭാവത്തിൽ മോഷണവും പിടിച്ചു പറിയും വ്യാപകമായതായി കെ.എസ്.ആർ.ടി.സി ചീഫ് ഓഫീസ് വൃത്തങ്ങളും പൊലീസും റിപ്പോർട്ട് നൽകിയിട്ടും അധികാരികൾ അനങ്ങുന്നില്ലെന്നാണ് പരാതി. അഞ്ച് മാസം മുമ്പ് എം.എൽ.എമാരുടെയും വിവിധ വകുപ്പ് മേധാവികളുടെയും സാന്നിദ്ധ്യത്തിൽ താലൂക്കോഫീസിൽ ചേർന്ന താലൂക്ക് വികസന സമിതി യോഗത്തിലാണ് ഡിപ്പോയിലും പരിസരത്തും സി.സി.ടി.വി കാമറകൾ സ്ഥാപിക്കാൻ തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കെ.എസ്.ആർ.ടി.സി അധികൃതർ ക്വട്ടേഷൻ ക്ഷണിച്ച് 1.86 ലക്ഷം രൂപയുടെ കരാർ അംഗീകരിച്ച് ശുപാർശയും നല്കി. പക്ഷെ, നടപടികൾ കടലാസിൽ ഒതുങ്ങിയെന്നാണ് ആക്ഷേപം. അംഗീകൃത പാർക്കിംഗ് ഏരിയയിൽ നിന്ന് ഇരുചക്ര വാഹന കവർച്ചയും ബസുകളിൽ നിന്ന് ഡീസൽ മോഷണവും തുടർക്കഥയാണ്. കണ്ടക്ടർമാരുടെ പക്കൽ നിന്ന് ടിക്കറ്റ് റാക്കുകളും യാത്രക്കാരുടെ സ്വർണാഭരണവും പിടിച്ചു പറിച്ച സംഭവങ്ങൾ നിരവധി. ഏറെത്തിരക്കുള്ള സമയങ്ങളിൽ കൂട്ടമായി ഡിപ്പോയിലെത്തുകയും മോഷണം നടത്തി മുങ്ങുകയും ചെയ്യുന്ന ഒരു സംഘത്തെ കുറിച്ച് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗം സൂചിപ്പിക്കുന്നുണ്ട്. സന്ധ്യ കഴിഞ്ഞാൽ ഇവരുടെ നേതൃത്വത്തിൽ ഡിപ്പോയ്ക്കകത്ത് കഞ്ചാവു വില്പനയും തകൃതിയാണെന്നാണ് റിപ്പോർട്ട്. ബസ് സ്റ്റാൻഡിലേക്കുള്ള എല്ലാ വഴികളും തെരുവ് വിളക്കുകൾ കേടായി ഇരുൾ മൂടിയ അവസ്ഥയാണ്. അടുത്തിടെ, സ്ത്രീ യാത്രക്കാരെ ഇരുളിന്റെ മറവിൽ കൈയേറ്റം ചെയ്യാൻ ശ്രമിച്ചത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
പെൻഷൻ വാങ്ങിവന്ന കരകുളം സ്വദേശിയുടെ കൈയിൽ നിന്നും 47,000 രൂപയാണ് അടുത്തിടെ സംഘം അപഹരിച്ചു. മീനാങ്കൽ സ്വദേശിനിയായ വൃദ്ധയുടെ പക്കൽ നിന്നും 17,000 രൂപയും സ്വർണവളയും മോഷ്ടിച്ചു. തിരികെ വീട്ടിലെത്താൻ പാങ്ങില്ലാതെ ക്ലേശിച്ച ഇവർക്ക് കണ്ടുനിന്നവർ പിരിവെടുത്താണ് മടക്കി അയച്ചത്. പാർക്കിംഗ് ഫീസ് ഈടാക്കി സെക്യൂരിറ്റി കൗണ്ടറിനു മുൻ വശത്തു വച്ചിരുന്ന ഡിപ്പോ ജീവനക്കാരുടെ മൂന്നു ബൈക്കുകൾ മോഷണം പോയി. വനിതാകണ്ടക്ടർ സിന്ധുവിന്റെ ബാഗും പണവും ടിക്കറ്റുകളും കിളിമാനൂർ ഡിപ്പോയിൽ നിന്നും ഇവിടെയെത്തിയ ശ്രീജയുടെ ബാഗും മോഷണം പോയി. നെടുമങ്ങാട് സിപ്പോയിലെ കണ്ടക്ടർ എസ്.കെ. ഷിജിന്റെ ബാഗ് തട്ടിയെടുത്തതും ഇതേസംഘമാണ്.
ബൈക്കിലും ബസുകളിലും നിന്ന് പെട്രോൾ ഊറ്റിക്കടത്തുന്നത് സംബന്ധിച്ച് ഇരുപത്തഞ്ചോളം പരാതികളാണ് നിലവിലുള്ളത്. രണ്ടു മാസത്തിനിടെ നാലു ലക്ഷത്തിലധികം രൂപയുടെ മോഷണം ഡിപ്പോ രേഖകളിൽ കാണിക്കുന്നുണ്ടെങ്കിലും ഒന്നിലും കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നിട്ടില്ല.
സെക്യൂരിറ്റി ജീവനക്കാരെ നിയമിക്കേണ്ടത് കെ.എസ്.ആർ.ടി.സി, തിരക്കുള്ള സമയങ്ങളിൽ പട്രോളിംഗ് ശക്തിപ്പെടുത്തേണ്ടത് പൊലീസ്, നിരീക്ഷണ കാമറയും വൈദ്യുതി വിളക്കുകളും സ്ഥാപിക്കേണ്ടത് ജനപ്രതിനിധികൾ. യാഥാർത്ഥ്യം ഇതായിരിക്കെ, പരസ്പരം പഴിചാരി മുഖം രക്ഷിക്കാനാണ് ബന്ധപ്പെട്ടവരുടെയെല്ലാം ശ്രമം. പൊലീസുകാർ ട്രാൻസ്പോർട്ട് അധികൃതർക്കും ഇവർ ജനപ്രതിനിധികൾക്കും സുരക്ഷ ഭീഷണി സംബന്ധിച്ച് കത്ത് നൽകുന്നതല്ലാതെ സ്വന്തം നിലയിൽ യാതൊന്നും ചെയ്യുന്നില്ല.