അലനും താഹയ്‌ക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന് പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റി
ജില്ലാ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗീകരിച്ചു
ആദ്യ നിലപാട് സെക്രട്ടേറിയറ്റ് തിരുത്തിയത് നാലാം നാളിൽ
തിരുവനന്തപുരം: ഇടതു സർക്കാരിനെയും മുന്നണിയെയും സമ്മർദ്ദത്തിലാക്കിയ കോഴിക്കോട് പന്തീരാങ്കാവ് യു.എ.പി.എ കേസിൽ, രാഷ്‌ട്രീയസാഹചര്യം കൂടുതൽ സങ്കീർണമാക്കി സി.പി.എമ്മിൽ നിലപാടു മാറ്റം. അറസ്റ്റിലായ പാർട്ടി അംഗങ്ങൾ കൂടിയായ രണ്ടു വിദ്യാർത്ഥികൾക്കും മാവോയിസ്റ്റ് ബന്ധമുണ്ടെന്ന പാർട്ടി കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ റിപ്പോർട്ട് ശരിവച്ച സംസ്ഥാന സെക്രട്ടേറിയറ്റ്, കേസ് അന്വേഷണത്തിൽ തത്കാലം ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ചു.
സി.പി.എം മുൻ ദേശീയ ജനറൽ സെക്രട്ടറി കൂടിയായ പ്രകാശ് കാരാട്ട് ഉൾപ്പെടെ മുതിർന്ന പി.ബി. അംഗങ്ങൾ സർക്കാർ നിലപാടിന് എതിരെ പരസ്യപ്രതികരണം നടത്തിയതിനു പിന്നാലെയാണ്, അതു തള്ളുന്ന സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനമെന്നതാണ് ശ്രദ്ധേയം. പന്തീരാങ്കാവ് സംഭവത്തിൽ പൊലീസ് പ്രവർത്തിച്ചത് തെറ്റായ രീതിയിലാണെന്നും, സർക്കാർ ഇടപെട്ട് തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു എന്നുമാണ് കാരാട്ട് കഴിഞ്ഞ ദിവസം പറഞ്ഞത്.
ഇത് പൂർണമായും തിരുത്തുന്ന നിലപാട് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് സ്വീകരിച്ചതോടെ സി.പി.എമ്മിലും എൽ.ഡി.എഫിലും ഇത് പുതിയ പോർമുഖം തുറക്കും. പാർട്ടി തീരുമാനത്തിന് അണികളോട് സമാധാനം പറയേണ്ട ബാദ്ധ്യതയും നേതൃത്വത്തിന് വന്നുചേരും. അറസ്റ്റ് ചെയ്യപ്പെട്ട വിദ്യാർത്ഥികൾക്കെതിരെ യു.എ.പി.എ ചുമത്തരുതെന്ന നിലപാടാണ് പാർട്ടിക്കെന്ന് സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവന പുറപ്പെടുവിച്ചത് കഴിഞ്ഞ മൂന്നിനാണ്. അതിനു ശേഷം നാലാംനാളിലാണ്, ആദ്യ നിലപാടിന് നേരെ വിപരീതമായി സർക്കാർ നിലപാട് ശരിവച്ചുകൊണ്ട് ഇന്നലെ ചേർന്ന സെക്രട്ടേറിയറ്റ് യോഗം തീരുമാനമെടുത്തത്.
മാവോയിസ്റ്റ് വേട്ടയുമായി ബന്ധപ്പെട്ട് വ്യത്യസ്ത നിലപാടുകൾ ഉയർന്ന സ്ഥിതിക്ക് മജിസ്റ്റീരിയൽ അന്വേഷണത്തിനു ശേഷം മാത്രം പാർട്ടി പ്രതികരിച്ചാൽ മതിയെന്നാണ് സെക്രട്ടേറിയറ്റ് തീരുമാനം. ഈ വിഷയത്തിൽ സി.പി.ഐയ്ക്ക് മറുപടി പറഞ്ഞ് കാര്യങ്ങൾ കൂടുതൽ വഷളാക്കേണ്ടെന്നും യോഗം തീരുമാനിച്ചു.
നിലപാട് മാറ്റം
എന്തുകൊണ്ട്?
1. കേസ് ഇത്രയും മുന്നോട്ടു പോയ സ്ഥിതിക്ക് യു.എ.പി.എ സമിതിയുടെ ഇടപെടലേ പ്രായോഗികമാവൂ
എന്ന വിലയിരുത്തൽ
2. പൊലീസ് ശക്തമായ തെളിവുകൾ നിരത്തുമ്പോൾ റിസ്ക് ഏറ്റെടുത്താൽ തിരിച്ചടിയാകുമോ എന്ന ആശങ്ക
3. പാർട്ടിയും പൊലീസും നടത്തിയ അന്വേഷണത്തിൽ യുവാക്കളുടെ മാവോയിസ്റ്റ് ബന്ധത്തിന് തെളിവുണ്ടെന്ന മുഖ്യമന്ത്രിയുടെ വിശദീകരണം
4. യു.എ.പി.എ കരിനിയമമാണ് എന്ന നിലപാടിൽ ഉറച്ചുനിൽക്കുമ്പോഴും, കേന്ദ്രനിയമം അനുസരിച്ചുള്ള നടപടികളിൽ ഇടപെടാൻ സർക്കാരിനുള്ള പരിമിതി
5. ഈ ഘട്ടത്തിൽ ഇടപെടുന്നത് കേന്ദ്ര സർക്കാർ ആയുധമാക്കുമെന്നും എൻ.ഐ.എ ഉൾപ്പെടെയുള്ള ഏജൻസികളുടെ ഇടപെടൽ സ്ഥിതി സങ്കീർണമാക്കുമെന്നുമുള്ള വിലയിരുത്തൽ.
പരിമിതിയുണ്ട്:
മുഖ്യമന്ത്രി
വിഷയത്തിൽ ഇടപെടുന്നതിൽ സർക്കാരിന് ഭരണഘടനാപരമായ പരിമിതിയുണ്ട്.കേസെടുത്തു കഴിഞ്ഞ സ്ഥിതിക്ക് ഇനി കുറ്റപത്ര സമർപ്പണ വേളയിലേ ഇടപെടാനാകൂ. ലഘുലേഖ മാത്രമല്ല, യുവാക്കൾക്കെതിരെയുള്ള തെളിവ്. കുറച്ചുകാലമായി ഇവർ നിരീക്ഷണത്തിലായിരുന്നു. മാവോയിസ്റ്റ് ബന്ധത്തിന് ശക്തമായ തെളിവുകൾ പൊലീസ് കണ്ടെടുത്തിട്ടുണ്ട്. എയർഗണ്ണും വടിവാളുമൊക്കെ കണ്ടെത്തിയെങ്കിലും അതൊന്നും തെളിവായി പൊലീസ് ഉൾപ്പെടുത്തിയിട്ടില്ല.
(ഇന്നലത്തെ സെക്രട്ടേറിയറ്റ് യോഗത്തിൽ പറഞ്ഞത്)