kwa

തിരുവനന്തപുരം: ലിറ്ററിന് പതിനൊന്ന് രൂപ നിരക്കിൽ കുപ്പി വെള്ളം വിപണിയിൽ എത്തിക്കുന്ന തെളിനീര് പദ്ധതിയുടെ നടത്തിപ്പും മാർക്കറ്റിംഗും പൊതുമേഖലാ സ്ഥാപനമായ കേരള ഇൻഫ്രാസ്ട്രക്ചർ ഇറിഗേഷൻ ഡവലപ്പ്‌മെന്റ് കോർപ്പറേഷന് (കിഡ്ക് ) കൈമാറാൻ വാട്ടർ അതോറിട്ടി ബോർഡ് തീരുമാനിച്ചു. ലാഭവിഹിതം വാട്ടർ അതോറിട്ടിക്ക് ലഭിക്കും.

കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കുന്നതിലൂടെ വിപണിയിലെ കുപ്പിവെള്ള വില കുറയുന്നതിനു സഹായിക്കുമെന്ന് കരുതിയിരുന്ന പദ്ധതി തുടക്കം മുതൽ ഇഴഞ്ഞാണ് നീങ്ങിയത്. നടത്തിപ്പ് കൈമാറ്റം പദ്ധതി അവതാളത്തിലാക്കുമെന്നാണ് ആക്ഷേപം . അരുവിക്കരയിലെ പ്ളാന്റിന്റെ നിർമ്മാണ് 90 ശതമാനം പൂർത്തിയായെങ്കിലും സർട്ടിഫിക്കേഷൻ ലഭിച്ചിട്ടില്ല. പ്ലാന്റിലെത്തി പരിശോധന നടത്തിയ ബി.ഐ.എസ് സംഘം ഇരുപത് ലിറ്റർ വെള്ളത്തിന്റെ സാമ്പിൾ പരിശോധിച്ചപ്പോൾ സൂക്ഷ്മാണുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു.

ഈ വർഷം മാർച്ചിലും പിന്നീട് ആഗസ്റ്റിലും പദ്ധതി കമ്മിഷൻ ചെയ്യുമെന്ന് വാട്ടർ അതോറിട്ടി അവകാശപ്പെട്ടിരുന്നതാണ്.. വിതരണത്തിനായി തയ്യാറാക്കിയ കുപ്പിയുടെ ഭാരം, വലിയ വലിപ്പത്തിലുള്ള ലേബൽ, അടപ്പ് അടക്കം കുപ്പിയുടെ രൂപകൽപ്പന എന്നിവയിലും പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു. യൂസ് ആന്റ് ത്രോയ്ക്കു പകരം ഉത്പാദനച്ചെലവ് കൂട്ടുന്ന കുപ്പിയാണ് തയാറാക്കിയത്. ഇതിനും സർട്ടിഫിക്കേഷൻ ലഭിച്ചില്ല. പദ്ധതി പരമാവധി നീട്ടുന്നതിന് ബോധപൂർവം ചിലർ ശ്രമിക്കുന്നതായി പരാതിയുണ്ട്.

ലാഭകരമല്ലാതെ പ്രവർത്തിക്കുന്ന 'കിഡ്കി'നെ പദ്ധതി ഏൽപ്പിക്കുന്നതിനെതിരെ ജീവനക്കാരുടെ സംഘടനകൾ പ്രത്യക്ഷ സമരം പ്രഖ്യാപിച്ചിട്ടുണ്ട്. 11 മുതൽ വാട്ടർ അതോറിട്ടി ആസ്ഥാനത്ത് എ.ഐ.ടി.യു.സി സത്യാഗ്രഹ സമരം നടത്തും. 13ന് ഐ.എൻ.ടി.സിയുടെ നിയമസഭാ മാർച്ച്. സി.ഐ.ടി.യു മറ്റ് യൂണിയനുകളുമായി ചേർന്ന് പ്രക്ഷോഭം നടത്തും..

'അതോറിട്ടിയുടെ നന്മയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കും വേണ്ടിയാണ് കൈമാറ്റം.. കാര്യക്ഷമമായി പദ്ധതി നടപ്പാക്കാൻ 'കിഡ്കി'നു കഴിയും'.

-എ. കൗശികൻ എം.ഡി,​

വാട്ടർ അതോറിട്ടി