transgender

തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കൽ കോളേജുകളിലും ലിംഗമാറ്റ ശസ്ത്രക്രിയ സംവിധാനം ഒരുക്കുമെന്ന് മന്ത്രി കെ.കെ. ശൈലജ. ഇതിന്റെ ആദ്യപടിയായി കോട്ടയം മെഡിക്കൽ കോളേജിൽ ട്രാൻസ്‌ജെൻഡർ ക്ലിനിക് തുടങ്ങി. ഇപ്പോൾ കേരളത്തിന് പുറത്താണ് ശസ്ത്രക്രിയ നടത്തുന്നത്. ഇതിൽ വലിയ ചൂഷണവും നടക്കുന്നുണ്ട്. അതിനാൽ മെഡിക്കൽ കോളേജുകളിൽ ട്രാൻസ്‌ജെൻഡർ സർജറി നടത്തുന്നതിന് സജ്ജമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. ട്രാൻസ്ജെൻഡേഴ്സിന്റെ കലാപരമായ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച 'വർണപ്പകിട്ട് 2019' ട്രാൻസ്‌ജെൻഡർ കലോത്സവം ചാല ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. വിവിധ മേഖലകളിൽ പ്രാഗല്ഭ്യം തെളിയിച്ച ശ്രീക്കുട്ടി നമിത, ശ്യാമ എസ്. പ്രഭ, പ്രമോദ് പ്രമീള, ശ്രേയ ലക്ഷ്മി, വിജയ രാജമല്ലിക, ഫൈസൽ ഫൈസു, സിസിലി ജോർജ്, തൃപ്തി, ആദം ഹാരി, ഹെയ്ദി സാദിയ എന്നിവരെ ആദരിച്ചു. 10,000 രൂപയും ഫലകവുമായിരുന്നു സമ്മാനം. ചടങ്ങിൽ നഗരസഭ ഡെപ്യൂട്ടി മേയർ രാഖി രവികുമാർ അദ്ധ്യക്ഷത വഹിച്ചു. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ ഷീബ ജോർജ്, സാമൂഹ്യനീതി വകുപ്പ് അസി. ഡയറക്ടർമാരായ സുഭാഷ്, ജലജ, ഗവ. മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പൽ ലതിക, സ്റ്റേറ്റ് ട്രാൻസ്‌ജെൻഡർ ജസ്റ്റിസ് ബോർഡ് അംഗം ശീതൾ ശ്യാം എന്നിവർ പങ്കെടുത്തു. ഇന്നലെയും ഇന്നുമായി നടക്കുന്ന കലോത്സവത്തിൽ 190 ഓളം കലാപ്രതിഭകളാണ് മാറ്റുരയ്ക്കുന്നത്.