കഴക്കൂട്ടം: പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തിൽ തകർക്കപ്പെട്ട നെഹ്റു ശിലാഫലകം പുനഃസ്ഥാപിക്കണമെന്ന ആവശ്യം അജൻഡയിൽ ഉൾപ്പെടുത്താത്ത നടപടിയെ യു.ഡി.എഫ് അംഗങ്ങൾ ചോദ്യം ചെയ്തതിനെത്തുടർന്ന് ബ്ലോക്ക് പഞ്ചായത്ത് യോഗം ചേരാനാവാതെ സംഘർഷത്തിൽ കലാശിച്ചു. യോഗം ആരംഭിക്കേണ്ട 11 മണിക്ക് തന്നെ യു.ഡി.എഫ് അംഗങ്ങൾ യോഗ ഹാളിൽ എത്തിയെങ്കിലും, ഭരണപക്ഷമായ എൽ.ഡി.എഫ് അംഗങ്ങൾ 11.30ന് മാത്രമാണ് എത്തിയത്. സമയം കഴിഞ്ഞുവെന്നാരോപിച്ച് എൽ.ഡി.എഫ് അംഗങ്ങളെ ഹാളിനകത്തേക്ക് പ്രവേശിപ്പിക്കാതെ യു.ഡി.എഫ് അംഗങ്ങൾ തടഞ്ഞു. ഇതിനെ തുടർന്ന് അംഗങ്ങൾ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടായി. കഴക്കൂട്ടം പൊലീസ് സ്ഥലത്ത് എത്തിയെങ്കിലും അംഗങ്ങൾ തമ്മിലുള്ള പ്രശ്നത്തിൽ ഇടപെടാൻ തയ്യാറായില്ല. 12.30ന് എൽ.ഡി.എഫ് അംഗങ്ങൾ മേശയ്ക്ക് മുകളിലൂടെ ചാടിക്കടന്ന് ഹാളിൽ എത്തിയെങ്കിലും യു.ഡി.എഫ് അംഗങ്ങളുടെ എതിർപ്പിനെത്തുടർന്ന് യോഗം നടന്നില്ല. എന്നാൽ പഞ്ചായത്തിന് ഐ.എസ്.ഒ സർട്ടിഫിക്കറ്റ് കിട്ടുന്നതുമായി ബന്ധപ്പെട്ട് നിർമ്മാണ പ്രവർത്തനത്തിന് ഇടയിൽ അബദ്ധത്തിൽ ശിലാഫലകം പൊളിഞ്ഞു പോയതാണെന്നും പൂർവാധികം ഭംഗിയോടെ അത് നിർമ്മിക്കുന്നതിനു വേണ്ടിയുള്ള നടപടികൾ സ്വീകരിക്കുമെന്നുംബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ. യാസിർ അറിയിച്ചു. ജവഹർലാൽ നെഹ്റുവിന്റെ ശിലാഫലകം പുനഃസ്ഥാപിക്കും വരെ ബ്ലോക്ക് പഞ്ചായത്തിന്റെ പൊതുപരിപാടികൾ യു.ഡി.എഫ് ബഹിഷ്കരിക്കുമെന്നും, നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14ന് ബ്ലോക്ക് പഞ്ചായത്തിനു മുന്നിൽ ഇതേ ആവശ്യമുന്നയിച്ച് പ്രാർത്ഥനാ യജ്ഞം നടത്തുമെന്നും, പ്രാർത്ഥനാ യജ്ഞം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യുമെന്നും ബ്ലോക്ക് പഞ്ചായത്ത് പ്രതിപക്ഷ നേതാവ് അഡ്വ. എസ്. കൃഷ്ണകുമാർ അറിയിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഓഫീസിലെ നെഹ്റു സ്മൃതിമണ്ഡപം തകർക്കപ്പെട്ട സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് അംഗങ്ങൾ കഴക്കൂട്ടം പൊലീസിൽ പരാതി നൽകി.