tvm-corporation

തിരുവനന്തപുരം : വി.കെ. പ്രശാന്ത് രാജിവച്ച ഒഴിവിലേക്ക് നടക്കുന്ന മേയർ തിരഞ്ഞടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി പാർലമെന്റി പാർട്ടി ലീ‌ഡർ എം.ആർ. ഗോപൻ മത്സരിക്കും. പാർട്ടി ജില്ലാ കമ്മിറ്റിയാണ് ഇക്കാര്യം അറിയിച്ചത്. എൽ.ഡി.എഫിനെതിരെ അട്ടിമറി ലക്ഷ്യമിട്ട് ബി.ജെ.പിയും യു.ഡി.എഫും ചേർന്ന് പൊതുസ്വതന്ത്രനെ പിന്തുണണയ്ക്കാനുള്ള സാദ്ധ്യത ഇതോടെ ഇല്ലാതായി. അതേസമയം എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർത്ഥികളെ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി മത്സരരംഗത്ത് ഇറങ്ങിയതോടെ യു.ഡി.എഫും മത്സരിക്കാനാണ് സാദ്ധ്യത. അങ്ങനെയങ്കിൽ എൽ.ഡി.എഫ് സ്ഥാനാർത്ഥി അനായാസം വിജയിക്കും. പാർലമെന്ററി പാർട്ടി നേതാവ് ഡി. അനിൽകുമാറാകും യു.ഡി.എഫ് സ്ഥാനാർത്ഥി. ആരോഗ്യസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ കെ. ശ്രീകുമാറിന്റെയും പുന്നയ്ക്കാമുകൾ കൗൺസിലർ ആർ.പി. ശിവജിയുടെയും പേരുകളാണ് സി.പി.എം ഇപ്പോഴും പരിഗണിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 11നാണ് മേയർ തിരഞ്ഞെടുപ്പ്. വരണാധികാരിയായ കളക്ടർ കെ. ഗോപാലകൃഷ്ണന്റെ മേൽനോട്ടത്തിലാണ് തിരഞ്ഞെടുപ്പ്. പ്രതിപക്ഷം അട്ടിമറിശ്രമം നടത്തിയാൽ ഭൂരിപക്ഷമില്ലാതെ ഭരിക്കുന്ന എൽ.ഡി.എഫിന് മേയർ സ്ഥാനാർത്ഥിയെ വിജയിപ്പിക്കുകയെന്നത് ശ്രമകരമാണ്. 100ൽ 43 പ്രതിനിധികളാണ് എൽ.ഡി.എഫിന്. 35 അംഗങ്ങൾ ബി.ജെ.പിക്കും യു.ഡി.എഫിന് 21 പേരുമാണുള്ളത്.

ഒരു പാർട്ടിയുടെയും പിന്തുണയില്ലാതെ സ്വതന്ത്രയായി മത്സരിച്ച് ജയിച്ച ശ്രീകാര്യം കൗൺസിലർ ലതാകുമാരി മേയർ സ്ഥാനാർത്ഥിയായി മത്സരിച്ചാൽ പിന്തുണ നൽകാമെന്നായിരുന്നു യു.ഡി.എഫിന്റെ നിലപാട്. ബി.ജെ.പിയും ഇതിനോട് യോജിച്ചു. എന്നാൽ, സി.പി.എം അനുഭാവം പ്രകടിപ്പിക്കുന്ന ലതാകുമാരി വിസമ്മതം അറിയിച്ചതോടെ ആ നീക്കം പാളി. ഇതോടെ സ്വതന്ത്രരെ കളത്തിലിറക്കാനുള്ള സാദ്ധ്യതയ്ക്കും മങ്ങലേറ്രു.