പാറശാല : ചെങ്കൽ മഹേശ്വരം ശ്രീ ശിവപാർവതി ക്ഷേത്രത്തിലെ മഹാശിവലിംഗം നാളെ രാവിലെ 8.25 നും 9 നും മദ്ധ്യേ ക്ഷേത്ര മഠാധിപതി സ്വാമി മഹേശ്വരാനന്ദ സരസ്വതിയുടെ നേതൃത്വത്തിൽ തീർത്ഥാടകർക്കായി സമർപ്പിക്കും. ഇതിന്റെ ഭാഗമായി രാവിലെ 5 ന് മഹാഗണപതി ഹോമം, 6 ന് മഹാരുദ്രം, 7 ന് ഗോപൂജ എന്നിവ നടക്കും. 9 ന് ക്ഷേത്രാങ്കണത്തിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്‌ഘാടനം ചെയ്യും. കെ. ആൻസലൻ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. മഹാലിംഗം നിർമ്മാണവുമായി ബന്ധപ്പെട്ട ശില്പികളെയും മറ്റും ആദരിക്കും. വൈകിട്ട് 4 ന് നടക്കുന്ന ലക്ഷദീപത്തിന് ജില്ലാ പൊലീസ് മേധാവി ബി. അശോകൻ ഭദ്രദീപം തെളിക്കും. സുരക്ഷാ പരിശോധനയ്ക്ക് ശേഷം മഹാലിംഗത്തിനുള്ളിൽ പ്രവേശിക്കുന്ന ഭക്തജനങ്ങൾക്ക് ആദ്യ നിലയിലായി പ്രതിഷ്ഠിച്ചിട്ടുള്ള ശിവലിംഗത്തിൽ അഭിഷേകം നടത്താം. അഭിഷേകത്തിനായുള്ള സാധനങ്ങൾ പ്രത്യേക കൗണ്ടറുകളിലൂടെ ലഭിക്കും. പ്രവേശനത്തിനായി നിശ്ചിത ഫീസ് ഈടാക്കും. കാമറ, മൊബൈൽഫോൺ എന്നിവ അകത്തേക്ക് അനുവദിക്കില്ല. ക്ഷേത്രാചാരങ്ങൾ പാലിച്ചുകൊണ്ട് ജാതിമത ഭേദനമന്യേ എല്ലാവർക്കും മഹാലിംഗത്തിനുള്ളിൽ പ്രവേശിക്കാം. സുരക്ഷയ്ക്കായി മഹാലിംഗത്തിനുള്ളിൽ 15 പേരെ നിയോഗിച്ചിട്ടുണ്ട്.