തിരുവനന്തപുരം : കേസന്വേഷണവുമായി ബന്ധപ്പെട്ട യാത്രക്കിടെ പൊലീസ് ജീപ്പ് മറിഞ്ഞ് ബാലരാമപുരം സ്റ്റേഷനിലെ നാലു പൊലീസുകാർക്ക് പരിക്കേറ്റു. ജീപ്പിന്റെ ഇടത് വശത്ത് കൂടി ഓവർടേക്ക് ചെയ്ത ബൈക്കിനെ ഇടിക്കാതിരിക്കാൻ വെട്ടിക്കുന്നതിനിടെയാണ് ജീപ്പ് മറിഞ്ഞത്. ഇന്നലെ വൈകിട്ട് 4.30 ഓടെ നേമം സിഗ്‌നൽ ലൈറ്റിനു സമീപത്തായിരുന്നു അപകടം. ബാലരാമപുരം പൊലീസ് ഇൻസ്‌പെക്ടർ ജി.ബിനു, എസ്.ഐ തങ്കരാജ്, സിവിൽ പൊലീസ് ഓഫീസർ മധു, ഡ്രൈവർ റെജിമോൻ എന്നിവർക്കാണ് പരിക്കേറ്റത്. ആരുടേയും പരിക്ക് സാരമുള്ളതല്ല. ഇവർ നേമം താലൂക്കാശുപത്രിയിൽ ചികിത്സ തേടി. ബാലരാമപുരം ഐത്തിയൂരിൽ ചുറ്റിക കൊണ്ട് തലയ്ക്കടിയേറ്റ് യുവാവ് മരിച്ച സംഭവത്തിൽ ചികിത്സയിൽ കഴിയുന്ന ബിനുവിനെക്കുറിച്ചന്വേഷിക്കുന്നതിനായി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോയി മടങ്ങിവരുന്നതിനിടയിലാണ് അപകടം.