shahul-hameed

തിരുവനന്തപുരം: പാളയം ജുമാ മസ്ജിദിന് സമീപം റോഡ് മുറിച്ച് കടക്കുന്നതിനിടെ ആട്ടോ ഇടിച്ച് വൃദ്ധൻ മരിച്ചു. തിരുമല പാങ്ങോട് ചിത്രനഗർ ടി.സി 7/1969 ൽ എം.എം. ഷാഹുൽ ഹമീദാണ് (70) മരിച്ചത്. ഇന്നലെ രാത്രി 7.30ഓടെയായിരുന്നു അപകടം. പള്ളിയിൽ നിന്നും പ്രാർത്ഥന കഴിഞ്ഞ ശേഷം റോഡ് മുറിച്ച് കടക്കുന്നതിനിടെ സ്റ്റാച്യു ഭാഗത്ത് നിന്ന് വന്ന ആട്ടോയിടിക്കുകയായിരുന്നു. ആട്ടോയുടെ ഗ്ലാസിൽ തലയുടെ പിറക് വശം ഇടിച്ച് ഗുരുതര പരിക്കേറ്റ ഷാഹുൽ ഹമീദിനെ പൊലീസ് ആംബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും യാത്രാമദ്ധ്യേ മരിക്കുകയായിരുന്നു. ആട്ടോ ഡ്രൈവർ മലയിൻകീഴ് സ്വദേശി മോസസിനെതിരെ കന്റോൺമെന്റ് പൊലീസ് മനപൂർവമല്ലാത്ത നരഹത്യക്ക് കേസെടുത്തു. കസ്റ്റഡിയിലെടുത്ത ഇയാളെ പിന്നീട് ജാമ്യത്തിൽ വിട്ടു. ഷകീതയാണ് ഹമീദിന്റെ ഭാര്യ. മക്കൾ: ഷനൂജ്, നിഷ. മരുമക്കൾ: സക്കീന, ദിൽഫർ. മെഡിക്കൽ കോളേജ് ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.