sukumar-azhikode

ഡോ. സുകുമാർ അഴീക്കോട് 1990ൽ എഴുതിയ ഒരു ലേഖനമാണിത്. അന്നത്തേക്കാൾ പ്രസക്തി ആ വാക്കുകൾക്ക് ഇന്നുണ്ട്. അതിനാൽ ആ ലേഖനത്തിലെ പ്രസക്ത ഭാഗങ്ങൾ നൽകുന്നു. അദ്ദേഹം ശരീരാവശേഷനായെങ്കിലും ആ വാക്കുകൾ നൽകുന്ന സന്ദേശം കാലാതീതമാണ്. പ്രത്യേകിച്ചും അയോദ്ധ്യാ വിധിയുടെ പശ്ചാത്തലത്തിൽ.

ഇന്ന് ഇന്ത്യയിൽ, മറ്റൊരു കാലത്തും ഉണ്ടായിട്ടില്ലാത്തവിധം, ഏറ്റവും കൂടുതൽ ഉയർന്നുകേൾക്കുന്ന ശബ്ദം രാമനാമമാണ്. നാട് നന്നാവുകയാണോ? പഴയ ക്ഷീണിച്ച ശബ്ദങ്ങൾ - ജനാധിപത്യം, സ്ഥിതിസമത്വം, മതനിരപേക്ഷത, ദാരിദ്ര്യനിർമ്മാർജനം തുടങ്ങിയവ - ഇതോടെ നാടിന്റെ തൊണ്ടയിൽ നിന്ന് വലിഞ്ഞുപോയിരിക്കുന്നു. കണ്ണടച്ച് ഒച്ചമാത്രം കേൾക്കുന്നവർക്ക് രാമരാജ്യം ഇത്ര പെട്ടെന്ന് വന്നെത്തിയോ എന്ന് സംശയം തോന്നിപ്പോകും. കണ്ണുതുറന്നാൽ കാണുന്ന കാഴ്‌ച ചെവിയെ കള്ളനാക്കിത്തീർക്കും. ലോകത്തിനു മുഴുവൻ സുഖം നേരുന്ന ('ലോകാസമസ്തോഃ സുഖിനോ ഭവന്തു") രാമശബ്ദം എവിടെ, സഹോദരഹത്യ സൃഷ്ടിക്കുന്ന ശവക്കൂമ്പാരങ്ങളും അതിൽ നിന്ന് ഒഴുകിപ്പോകുന്ന ചോരപ്പുഴകളും എവിടെ? ഏതോ യുദ്ധം നടക്കുകയാണോ എന്നു തോന്നിപ്പോകും. പുതിയ രാമരാവണയുദ്ധമാണോ ഇത് ? രാമരാവണയുദ്ധമാണെങ്കിൽ, പല രാവണന്മാരെ നാം കാണുന്നുണ്ട്; സംശയമില്ല! പക്ഷേ രാമൻ എവിടെ? രാമനില്ലെങ്കിൽ രാമരാവണ യുദ്ധം എന്നു പറയാനാവില്ല. രാവണയുദ്ധം എന്നേ പറയാൻ പാടുള്ളൂ. അതേ. ഈ നടക്കുന്നത് രാമനില്ലാത്ത വെറും രാവണയുദ്ധമാണ്. പല രാവണന്മാർ തമ്മിൽ അധികാരസീതയ്ക്കു വേണ്ടി നടത്തുന്ന യുദ്ധം.

ചെകിടടപ്പിക്കുന്ന ഒച്ചയോടെ രഥങ്ങൾ ഉരുണ്ടുനീങ്ങുമ്പോൾ യഥാർത്ഥ രാമൻ ഏതിലാണ് എഴുന്നെള്ളിയിരിക്കുന്നതെന്നറിയാതെ പാവം ജനങ്ങൾ കുഴങ്ങുന്നു.

യഥാർത്ഥ രാമൻ ആരാണ്, എവിടെയുണ്ട് എന്നൊക്കെ അറിയാൻ ഇന്നു നമുക്ക് ഒരു വഴികാട്ടിയുമില്ല - നാലു ദശാബ്ദങ്ങൾക്കപ്പുറത്തുനിന്നു വരുന്ന നേർത്ത ഒരു ശബ്ദമില്ലാതെ. ശരിയായ രാമന്റെ രഹസ്യം, യുദ്ധഭൂമിയുടെ നടുവിൽ നിന്ന് പണ്ട് ഗീത പാടിയതുപോലെ, നമുക്ക് ഉപദേശിച്ചുതന്നത് ആ ഏകാന്തശബ്ദമായിരുന്നു.

ഗാന്ധിജിയുടെ രാമനെ ഇന്ത്യ ഇന്നു തേടിപ്പോകേണ്ടി വന്നതിന്റെ പശ്ചാത്തലം ഇതാണ്. കടൽ പോലെ പരന്നുകിടക്കുന്ന ഗാന്ധിജിയുടെ എഴുത്തുകളും പ്രസംഗങ്ങളും തെല്ലെങ്കിലും പരിശോധിക്കുന്ന ആൾക്ക് രാമനെക്കുറിച്ചുള്ള ബോധം ഗാന്ധിജിയുടെ ഹൃദയത്തിൽ ഒരു താമരപ്പൂ വിടരുന്നതുമാതിരി, വികസിച്ചു വരുന്നതു കാണാൻ കഴിയും. കൊച്ചുനാളിൽ ഒരു ഗ്രാമീണ വിശ്വാസമായി തന്റെ ഉള്ളിൽ കടന്നുവന്ന ശ്രീരാമസങ്കല്പം പിന്നീട് സംസ്കരിച്ച് സംസ്കരിച്ച്, എങ്ങനെ ആതുരസേവനത്തിനും ആത്മത്യാഗത്തിനും വേണ്ടിയുള്ള മഹാപ്രചോദനമായി ഗാന്ധിജി വളർത്തിയെടുത്തുവെന്ന കഥ മനസിലാക്കിയാൽ, അദ്ദേഹം എങ്ങനെ മഹാത്മാവായി എന്നു നമുക്കു മനസിലാക്കാൻ പറ്റും. നേരെമറിച്ച്, ശ്രീരാമചൈതന്യം എന്തെന്നറിയാതെ, അതിനെ ഒരു ശ്രീരാമക്ഷേത്രപ്രശ്നമാക്കിച്ചുരുക്കി, ജനങ്ങളെ തമ്മിൽ കലഹിപ്പിച്ച് രാഷ്ട്രീയലക്ഷ്യങ്ങൾ നേടാൻ ശ്രമിക്കുന്ന ചെറിയ മനുഷ്യരുടെ കഥകളാണ് പത്രങ്ങളിൽ വലിയ അക്ഷരങ്ങളിൽ വർണിക്കപ്പെട്ടുകൊണ്ടിരിക്കുന്നത്.

കുട്ടിയായ മോഹൻദാസിന്റെ മനസിൽ ശ്രീരാമവിശ്വാസത്തിന്റെ വിത്തു പാകിയത് വൈഷ്ണവ പണ്ഡിതന്മാരായിരുന്നില്ല. അറിവു കുറഞ്ഞ ഒരു വേലക്കാരിയായിരുന്നു. ആ വിത്ത് വളർന്നുവന്നപ്പോൾ മനുഷ്യർക്കിടയിലുള്ള ഭിന്നതകൾക്കെല്ലാം അപ്പുറത്ത് തലയുയർത്തി നില്‌ക്കുന്ന സാർവജനീനമായ ഒരു ആദ്ധ്യാത്മികബോധത്തിന്റെ മഹാവൃക്ഷമായി അതു രൂപംകൊണ്ടു. പണ്ഡിതന്മാരിൽ മിക്കവരും രാമനെ പൂജാരിമാർ പുലർത്തുന്ന ഒരു ക്ഷേത്ര പ്രതീകമാക്കിത്തീർത്തപ്പോൾ, രാമസേവ ആതുരസേവയാണെന്നും രാമനും അള്ളായും തമ്മിൽ ഭേദമില്ലെന്നും ഗാന്ധിജി നാട്ടുകാർക്ക് പാഠം കൊടുത്തുകൊണ്ടിരുന്നു. ആ പാഠം ദഹിക്കാത്ത കുറേപേർ, ഗാന്ധിജിക്ക് ഗുരുദക്ഷിണ നൽകാൻ, വിടാതെ ഗാന്ധിജിയെ പിന്തുടർന്നിരുന്നു. അവരിലൊരാൾ ഒടുവിൽ ഗാന്ധിജിക്ക് അന്തിമമായ 'ഗുരുദക്ഷിണ" നൽകി​.

തുളസി​യുടെ രാമായണമാണ് ഗാന്ധി​ജി​യുടെ രാമായണം. അത് പാവങ്ങളുടെ രാമകഥയാണ്. വാല്മീകി​ രാമായണം, സംസ്കൃതത്തി​ലാകയാൽ, സ്വാഭാവി​കമായി​ പണ്ഡി​തന്മാർക്കുള്ളതാണ്. പക്ഷേ ഗാന്ധിജിക്ക് തുളസിയാണ് തുഞ്ചത്തിരിക്കുന്ന രാമഗായകൻ.

എന്നാൽ സാഹിത്യത്തിലൂടെയാണ് ഗാന്ധിജി ശ്രീരാമസത്യം സാക്ഷാത്കരിച്ചതെന്ന് ധരിച്ചാൽ അത് വലിയ തെറ്റായിത്തീരും. ആ പഴയ വേലക്കാരി കുഴിച്ചിട്ട വിത്തിനെ ഓർക്കുക. ഗാന്ധിജിക്ക് രാമൻ വാല്മീകിയുടെയോ തുളസിദാസിന്റെയോ ഭാവന സൃഷ്ടിയല്ല. ചരിത്രസൃഷ്ടിയല്ല. രാമൻ ഓരോ വ്യക്തിയുടെയും ഉള്ളിന്റെയുള്ളിൽ ഉയിർകൊള്ളേണ്ട സത്യമാണ്. 1928 മാർച്ച് 30ന് രാമനവമി ദിവസം ആശ്രമത്തിലെ അന്തേവാസികളോട് ഗാന്ധിജി ഇങ്ങനെ പ്രസംഗിച്ചു : ''ആരെക്കുറിച്ച് നാം പറയുന്നുവോ ആ രാമൻ വാല്മീകിയുടെയോ തുളസിയുടേതുപോലുമോ അല്ല. ഈ രാമൻ ദശരഥന്റെ മകനോ സീതയുടെ പതിയോ അല്ല. സത്യത്തിൽ ബാഹ്യരൂപമുള്ളവനല്ല ആ രാമൻ. നമ്മുടെ ഹൃദയത്തിലുള്ള രാമന് ഭൗതികരൂപം ഇല്ല. ആ രാമൻ ഒരു പ്രത്യേക വർഷത്തിൽ ചൈത്രമാസത്തിലെ ഒമ്പതാം നാളിൽ പിറന്ന ആളല്ല. അവന് ജയമില്ല. ആ രാമൻ ലോകനായകനാണ്, ജഗൽസ്രഷ്ടാവ്. നാം ഓർക്കേണ്ട രാമൻ നമ്മുടെ മാത്രം സങ്കല്പത്തിലെ രാമനായിരിക്കണം. മറ്റൊരാളുടെ സങ്കല്പത്തിലെ രാമനായിരിക്കരുത്. നിഷ്‌കളങ്കനും അരൂപനുമായ രാമനെയാണ് നാം ആരാധിക്കുന്നത്."

എത്ര വിപ്ളവകരമായ വിചാരമാണ് ഇതെന്ന് ആലോചിക്കേണ്ടതാണ് കഥാമാലകളിൽ നിന്നും ചരിത്രത്തിന്റെ സന്ദിഗ്ദ്ധങ്ങളായ അവിശ്വസനീയതകളിൽ നിന്നും രാഷ്ട്രീയക്കാരുടെ മുദ്രാവാക്യങ്ങളിൽ നിന്നും ശ്രീരാമനെ സ്വതന്ത്രമാക്കുകയാണ് ഗാന്ധിജി ചെയ്തത്. രാമൻ ജനിക്കുന്നില്ല. എന്ന് പറഞ്ഞപ്പോൾ ഗാന്ധിജി ഇന്നത്തെ രാമജന്മഭൂമി തർക്കത്തെ എന്തോ അന്തർലോചന ശക്തികൊണ്ട് നേരത്തെ കണ്ടതായും ആ തർക്കത്തെ തന്റെ രീതിയിൽ ഇന്ത്യക്കാർക്ക് പരിഹരിച്ചു കൊടുത്തതായും എനിക്കു തോന്നുന്നു.

പോരെങ്കിൽ, ഗാന്ധിജി പ്രത്യേകിച്ച് എടുത്തു പറയുകയുണ്ടായി, അയോദ്ധ്യ ഏതാണെന്നും എവിടെയാണെന്നും. ഇന്നത്തെ നേതാക്കന്മാർ പറയുന്നേടത്തല്ല ഗാന്ധിയുടെ അയോദ്ധ്യ. അത് ഭൂമിശാസ്ത്രത്തിലെ ഒരു കൊച്ചുബിന്ദുവല്ല! 'ശരീരമാണ് രാമന്റെ അയോദ്ധ്യ; അതുതന്നെ കുരുക്ഷേത്രവും" (നവജീവൻ 24.6.1928). ഇതൊക്കെ ഭൂമിയിലുള്ള സ്ഥലങ്ങളാണെന്ന് ധരിച്ചവർ ജനനേതാക്കളായി വരുമ്പോൾ, സ്ഥലം പിടിച്ചെടുക്കാനും തിരിച്ചെടുക്കാനും മറ്റുമായിട്ടുള്ള കലാപങ്ങളും രക്തച്ചൊരിച്ചിലുകളുമൊക്കെ സംഭവിക്കും. ഇന്നത്തേതുപോലെ അയോദ്ധ്യ ശരീരമാകുമ്പോൾ രാമനു അയോദ്ധ്യ കർമ്മഭൂമിയാകുന്നു; കുരുക്ഷേത്രം. യുക്തിവാദിയേക്കാൾ ഇങ്ങനെ ഗാന്ധിജി യുക്തിവാദിയാണെന്ന് തെളിയുന്നു. ചിന്തിക്കുന്നവർക്ക് പലതും തെളിയും - ക്ഷേത്രങ്ങൾ ദേശീയ സംസ്‌കാരത്തിലാണ് നിലകൊണ്ടതെന്നും രാഷ്ട്രീയാധികാരത്തിലല്ലെന്നും മതത്തിന്റെ വെളിയിലല്ല ഉള്ളിലാണ് ദൈവം കുടിയിരിക്കുന്നതെന്നും മറ്റും.

(അഴീക്കോട് മുതൽ അയോദ്ധ്യ വരെ വരെ എന്ന പുസ്തകത്തിൽ നിന്ന്)