light

ഉത്തരം കിട്ടാതെ അവശേഷിക്കുന്ന നിരവധി പ്രതിഭാസങ്ങളാണ് ലോകത്തുള്ളത്. അതിൽ ഒന്നാണ് വർഷങ്ങളായി നോർവെയിലെ ഹെസ്ഡാലെൻ താഴ്‌വരയിൽ പ്രത്യക്ഷപ്പെടുന്ന ' ഹെസ്ഡാലെൻ ലൈറ്റ്സ്' എന്ന പ്രകാശ ബിംബങ്ങൾ. ഹെസ്ഡാലെൻ താഴ്‌വരയുടെ 7.5 മൈൽ ഭാഗത്താണ് ഈ വിചിത്ര വെളിച്ചങ്ങൾ ദൃശ്യമാകുന്നത്. ഇവ എവിടെ നിന്ന് വരുന്നുവെന്ന് ഇതേവരെ കണ്ടെത്തിയിട്ടില്ല. ഹെസ്ഡാലെൻ ലൈറ്റുകൾ എന്താണെന്നും എങ്ങനെയുണ്ടാകുന്നുവെന്നും ശാസ്ത്രലോകത്തിന് ഇതേവരെ പിടികിട്ടിയിട്ടുമില്ല. പകലും രാത്രിയും ദൃശ്യമാകാറുള്ള ഈ പ്രകാശം ഹെസ്ഡാലെൻ താഴ്‌വരയിലെ ചക്രവാളത്തിന് മുകളിലും താഴെയുമായാണ് പ്രത്യക്ഷപ്പെടുന്നത്.

അസാധാരണ തിളക്കത്തോടുകൂടിയ വെള്ള, മഞ്ഞ, ചുവപ്പ് നിറങ്ങളിൽ പ്രത്യക്ഷപ്പെടുന്ന ഇവ ഏതാനും മിനിട്ടുകൾ മുതൽ ഒരു മണിക്കൂർ വരെ നീണ്ടു നിൽക്കും. ചിലപ്പോൾ അതി വേഗത്തിലോ അല്ലെങ്കിൽ ആകാശത്ത് കൂടി മുന്നിലേക്കും പിന്നിലേക്കും ചുഴറ്റി വീശുന്ന തരത്തിലോ, വട്ടമിട്ട് പറക്കുന്ന രീതിയിലോ ഒക്കെയാണ് ഹെസ്ഡാലെൻ ലൈറ്റുകൾ ദൃശ്യമാകുന്നത്.

1930കൾ മുതലാണ് ഹെസ്ഡാലെൻ ലൈറ്റുകൾ ശ്രദ്ധയിൽപ്പെട്ടു തുടങ്ങിയത്. 1981നും 1984നും ഇടയിൽ ഈ വെളിച്ചം വൻതോതിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ആഴ്‌ചയിൽ 15 മുതൽ 20 തവണ വരെ പ്രകാശം കണ്ടതായാണ് അന്ന് റിപ്പോർട്ട് ചെയ്‌തത്. നിരവധി പേരാണ് ഈ കാഴ്‌ച കാണാൻ നോർവെയിലേക്ക് ഒഴുകിയെത്തിയത്. എന്നാൽ, 2010 ഓടെ ഹെസ്ഡാലെൻ ലൈറ്റുകളുടെ എണ്ണം ചുരുങ്ങി. വർഷം 10 മുതൽ 20 തവണ വരെ മാത്രമേ ഇവ ഇപ്പോൾ പ്രത്യക്ഷപ്പെടാറുള്ളു.

ഹെസ്ഡാലെൻ ലൈറ്റുകളുടെ രഹസ്യം കണ്ടെത്താൻ നിരവധി ഗവേഷണങ്ങളാണ് നടക്കുന്നത്. കൃത്യമായ ഒരു വിശദീകരണം ഇല്ലെങ്കിലും നിരവധി വാദപ്രതിവാദങ്ങൾ ഈ പ്രതിഭാസത്തെ ചുറ്റിപ്പറ്റി നിലനിൽക്കുന്നുണ്ട്. ധ്രുവദീപ്‌തി, മിറാഷ് തുടങ്ങിയ പ്രകൃതി പ്രതിഭാസങ്ങളോട് ചിലർ ഇവയെ താരതമ്യപ്പെടുത്തുന്നുണ്ട്. താഴ്‌വരയിൽ കാണപ്പെടുന്ന ലോഹങ്ങളുടെയോ പ്രകാശ തരംഗങ്ങളുടെയോ ഒക്കെ സാന്നിദ്ധ്യമാകാം വെളിച്ചത്തിന് പിന്നിലെന്ന് കരുതുന്നു. താഴ്‌വരയിലെ പാറകളിൽ സിങ്കിന്റെയും ഇരുമ്പിന്റെയും അംശം ഏറെയുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.