വന്യജീവി ആക്രമണത്താൽ പൊറുതിമുട്ടുന്നവർക്ക് താങ്ങും തണലുമായി നിൽക്കാൻ ഭൂഗോളത്തിൽ ഒരേയൊരു പിണറായി സഖാവ് മാത്രമേ ഉണ്ടായിട്ടുള്ളൂ. എല്ലാം ശരിയാക്കുക എന്നത് സഖാവിന്റെ ജീവിതവ്രതമായിരുന്നു. ഇനി ശരിയാക്കാൻ ബാക്കിയുള്ളതിനെ കൂടി ശരിയാക്കുമ്പോൾ മാത്രമേ എല്ലാം ശരിയാവൂ എന്ന് സഖാവിന് നല്ല ബോദ്ധ്യമുള്ളതാണ്. ആക്രമണം നടത്തുന്ന വന്യജീവികളെ ശരിയാക്കാൻ വനംമന്ത്രിയായ രാജു സഖാവിനെക്കൊണ്ട് നാടുനീളെയും കാടുനീളെയും പിണറായി സഖാവ് അദാലത്ത് നടത്തിക്കുകയുണ്ടായി.
രാജുസഖാവ് വലതൻ സഖാവാണെങ്കിലും അദാലത്ത് നടത്താൻ വലതും ഇടതുമൊന്നും ഒരു പ്രശ്നമല്ലാത്തതിനാൽ പിണറായി സഖാവ് അതൊന്നും ഗൗനിച്ചിട്ടില്ല. കാട്ടുപന്നിയെ കണ്ടാലുടൻ വെടിവച്ച് കൊല്ലുക, പറ്റുന്നിടത്തോളം സോളാർ ഫെൻസിംഗ് ഉണ്ടാക്കുക, റാപ്പിഡ് റെസ്പോൺസ് ടീമുകൾ രൂപീകരിക്കുക എന്നിത്യാദി സംഭവങ്ങൾ അദാലത്തിൽ രാജുമന്ത്രി പ്രഖ്യാപിച്ചത് കേട്ടതോടെ കാട്ടുപന്നികൾ കണ്ടംവഴി ഓടിപ്പോയെന്നാണ് കേൾവി.
ഉടൻ വെടിവയ്പിനായി തണ്ടർബോൾട്ടിനെ സജ്ജമാക്കി നിറുത്താൻ രാജുമന്ത്രി പറഞ്ഞില്ലെങ്കിലും പിണറായി സഖാവ് അറിഞ്ഞ് പ്രവർത്തിക്കുന്നയാളായത് കാരണം തണ്ടർബോൾട്ടിനെ പ്രത്യേകം സജ്ജമാക്കി നിറുത്തുകയുണ്ടായി. കാട്ടുപന്നികൾ കണ്ടംവഴി ഓടിപ്പോയത് കാരണം തണ്ടർബോൾട്ടിന് കൈത്തരിപ്പ് മാറ്റാൻ സാധിക്കാതെ വന്നത് സൃഷ്ടിച്ചത് ഗുരുതരമായ പ്രത്യയശാസ്ത്ര പ്രതിസന്ധിയായിരുന്നു.
ജനകീയജനാധിപത്യ വിപ്ലവത്തിലൂടെ അധികാരം പിടിച്ചടക്കിയ പിണറായി സഖാവിന് ഇത്തരം പ്രത്യയശാസ്ത്രവും രാഷ്ട്രീയവുമായ പ്രതിസന്ധികൾ തരണം ചെയ്യാൻ പ്രയാസമില്ലായിരുന്നു. ഇനി അഥവാ വല്ല പ്രതിസന്ധിയുമുണ്ടായാൽ തന്നെ അത് പരിഹരിക്കാൻ പൂജനീയ രമൺ ശ്രീവാസ്തവാജിയുടെ ഉപദേശം സദാപി കൂടെയുണ്ട് താനും.
തണ്ടർബോൾട്ടിനെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാനായിരുന്നു കാട്ടുപന്നികളുടെ കൂട്ടത്തിൽ മുൻകാല പ്രാബല്യത്തോടെ ഏതാനും മാവോയിസ്റ്റുകളെ പെടുത്താൻ സഖാവ് കല്പിച്ചത്. അത് ശ്രീവാസ്തവാജിയുടെ വിദഗ്ദ്ധോപദേശമായിരുന്നുവെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അതൊരു രാഷ്ട്രീയ അടവു നയമായിരുന്നു. ആ അടവുനയം ഫലിച്ചു. ഫലിച്ചെന്ന് പറയാൻ കാരണം ഒറ്റവെടിക്ക് മാവോയിസ്റ്റും അല്ലാത്തതുമായ ഏഴാളുകൾ പരലോകത്തെത്തിയതാണ്. എന്നിട്ടരിശം തീരാഞ്ഞിട്ടാ പുരയുടെ ചുറ്റും മണ്ടിനടന്നു തണ്ടർബോൾട്ടുകളെന്നാണ് പറയപ്പെടുന്നത്.
കാടിറങ്ങിയ മാവോയിസ്റ്റുകൾ നാട്ടിലെ കൃഷിയിടങ്ങൾ നശിപ്പിക്കാൻ തുടങ്ങിയതോടെയാണ് ശ്രീവാസ്തവാജി പുതിയ തന്ത്രങ്ങൾ മെനഞ്ഞുതുടങ്ങിയത്. നാടിറങ്ങിയാൽ കാട്ടുപന്നി നാടൻപന്നിയാവുന്നത് പോലെ മാവോയിസ്റ്റുകൾ അർബൻ മാവോയിസ്റ്റുകളുമാവുമെന്ന് ശ്രീവാസ്തവാജിക്ക് അറിയാമായിരുന്നു. പക്ഷേ അർബൻ മാവോയിസ്റ്റുകളെ തിരിച്ചറിയാൻ അത്രയെളുപ്പം സാധിച്ചെന്നുവരില്ല.
'ആരെയും മാവോ നായകനാക്കും ആത്മസൗന്ദര്യമാണു നീ...' എന്ന് ശ്രീവാസ്തവാജി പതുക്കെ മൂളിയത് പിണറായി സഖാവിനെ ഉത്തേജിപ്പിക്കാനായിരുന്നു. നാട്ടിലെ കൃഷിയിടങ്ങൾ കുത്തിയിളക്കി നശിപ്പിക്കാൻ പോന്ന അർബൻ മാവോയിസ്റ്റുകളെ തിരിച്ചറിയാൻ എളുപ്പം സാധിക്കുന്നത് പിണറായി സഖാവിനാണെങ്കിലും ആ കഴിവ് സഖാവ് എപ്പോഴും ഉപയോഗിക്കാറില്ലാത്തതിനാലാണ് ശ്രീവാസ്തവാജി അതു പാടിയത്.
അടിയന്തരാവസ്ഥക്കാലത്ത് എമ്മെല്ലേയായി തിരഞ്ഞെടുക്കപ്പെട്ട പിണറായി സഖാവും അർബൻ മാവോയിസ്റ്റുകൾ ഇപ്പോൾ പഠിക്കുന്ന പാഠങ്ങൾ പൊലീസിൽ നിന്ന് പഠിച്ചതായിരുന്നു. പൊലീസിന് ഒരെല്ല് കൂടുതലാണെന്ന് അക്കാലത്ത് പിണറായി സഖാവ് തിരിച്ചറിഞ്ഞതായിരുന്നെങ്കിലും കാലാന്തരത്തിൽ, അതും ശ്രീവാസ്തവാജിയുടെ ഉപദേശം കേട്ടുതുടങ്ങിയ ശേഷം, സഖാവ് മറന്നുപോയി. അതങ്ങനെയാണ്. ചില ഉപദേശങ്ങൾ കേട്ടാൽ എല്ലാം മറന്നുപോകും. അമിത് ഷാജിയോ ന.മോ.ജിയോ മുകളിലിരുന്ന് നോക്കുക കൂടി ചെയ്യുമ്പോൾ പ്രത്യേകിച്ചും.
അങ്ങനെയാണ് പിണറായി സഖാവ് രണ്ടും കല്പിച്ച് അർബൻ മാവോയിസ്റ്റുകളെ തേടിയിറങ്ങിയത്. കൈയോടെ രണ്ട് അർബനുകളെ പിടികൂടിയതും അങ്ങനെയായിരുന്നു.
ലെനിന്റെ സ്റ്റേറ്റ് ആൻഡ് റെവല്യുഷൻ, ലെഫ്റ്റ് വിംഗ് കമ്മ്യൂണിസം - ആൻ ഇൻഫന്റൈൽ ഡിസോർഡർ മുതലായ പുസ്തകങ്ങൾ വായിച്ചിട്ടുണ്ടെങ്കിൽ തീർച്ചയായും അർബൻ മാവോയിസ്റ്റുകളാണെന്നുറപ്പാണെന്ന് ഇമ്മാതിരി പുസ്തകങ്ങളെപ്പറ്റിയൊക്കെ പണ്ടേക്കുപണ്ടേ ധാരണയുള്ള പിണറായി സഖാവിനറിയാം. പന്തീരാങ്കാവിലെ പയലുകള് അതുതന്നെയെന്ന് പിണറായി സഖാവ് ഉറപ്പിച്ചത് അങ്ങനെയാണ്. പോരാത്തതിന് വീട്ടിൽ നിന്ന് തേങ്ങാ വെട്ടുന്ന വെട്ടുകത്തിയുടെ പടം പൊലീസ് പിടിക്കുകയുമുണ്ടായി.
അടുത്ത പടിയായി പിണറായി സഖാവ് ഇരുന്ന് ഭരിക്കുന്ന സെക്രട്ടേറിയറ്റിന്റെ തെക്കേ ബ്ലോക്കിലോ മറ്റോ കുടികൊള്ളുന്ന ലൈബ്രറിയിലെ പുസ്തകങ്ങളുടെ കണക്കെടുക്കാനാണ് ശ്രീവാസ്തവാജിയുടെ പുറപ്പാടെന്ന വിവരമുണ്ട്. ശ്രീവാസ്തവാജി അങ്ങനെയാണ്. വെട്ടൊന്ന്, മുറി രണ്ട് എന്നതാണ് കണക്ക്. പാലക്കാട്ട് സിറാജുന്നീസ എന്ന കുട്ടി വീട്ടുമുറ്റത്ത് കളിക്കുമ്പോൾ വെടിവച്ചിടാൻ കല്പിച്ച ഘടാഘടിയനാണ്.
മാവോപുലികൾ കാടിറങ്ങി അർബൻ മാവോയിസ്റ്റുകളായാൽ പിന്നെ ഏത് തൂണിലും തുരുമ്പിലും സെക്രട്ടേറിയറ്റിലും വേണമെങ്കിൽ എ.കെ.ജി സെന്ററിലും അവറ്റകളെത്തുമെന്ന് ശ്രീവാസ്തവാജിക്ക് നല്ലപോലെ അറിയാം. അതുകൊണ്ട് വല്ല ലെനിന്റെയോ മാവോസേ തുംഗിന്റെയോ പുസ്തകങ്ങളോ എന്തിനേറെ, വി.എസ് സഖാവും കോടിയേരി സഖാവും മറ്റും ചേർന്ന് ഉണ്ടാക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടി ചരിത്രമോ ലൈബ്രറിയിൽ നിന്ന് കണ്ടെത്താതെ നോക്കുക. കണ്ടെത്തിയാൽ പിന്നെ അർബൻ മാവോയിസ്റ്റുകളെ മണത്തുപിടിക്കാൻ ശ്രീവാസ്തവാജി വഴി പിണറായി സഖാവിന് ഒരു പാടുമില്ലെന്ന് മനസിലാക്കിയാൽ കോടിയേരി-വി.എസ് ആദി സഖാക്കൾക്കൊക്കെ കൊള്ളാം!
ഇ-മെയിൽ: dronar.keralakaumudi@gmail.com