തിരുവനന്തപുരം: ആശുപത്രി ചികിത്സ കഴിഞ്ഞെത്തിയ ലത്തീൻ അതിരൂപതാ ആർച്ച് ബിഷപ് ഡോ.എം. സൂസപാക്യത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ബിഷപ്പ് ഹൗസിൽ ചെന്നു കണ്ട് സുഖാന്വേഷണം നടത്തി. ഇന്നലെ രാവിലെ 11.30ന് ബിഷപ് ഹൗസിൽ കേരളീയ വേഷത്തിലെത്തിയ ഗവർണർ സൂസപാക്യത്തോടൊപ്പം 15 മിനിട്ട് ചെലവഴിച്ചു. വികാരി ജനറൽ ഫാ.സി.ജോസഫ്,​ സഹായമെത്രാൻ ആ‍ർ. ക്രിസ്തുദാസ് എന്നിവരും ഒപ്പമുണ്ടായിരുന്നു. മാതാവിന്റെ രൂപം സൂസപാക്യം ഗവർണർക്ക് സമ്മാനിച്ചു.

ഏറെ നാളത്തെ ആശുപത്രി വാസത്തിന് ശേഷം മേനംകുളം അനുഗ്രഹ ഭവനിൽ വിശ്രമത്തിലായിരുന്ന സൂസപാക്യം ഈ മാസം ആദ്യമാണ് ബിഷപ് ഹൗസിൽ തിരിച്ചെത്തിയത്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയിൽ നല്ല പുരോഗതിയുണ്ടെന്നും പൂർണ ആരോഗ്യവാനായി എത്രയും പെട്ടെന്ന് കർമ മണ്ഡലത്തിൽ സജീവമാകട്ടെയെന്ന് പ്രാർത്ഥിക്കുന്നതായും കൂടിക്കാഴ്ചയ്ക്ക് ശേഷം ഗവർണർ മാദ്ധ്യമങ്ങളോട് പറഞ്ഞു.