
ക്രിക്കറ്റ് ഓസ്ട്രേലിയയുടെ പുതിയ ഡയറക്‌ടർ സ്ഥാനത്തേക്ക് മുൻ വനിതാ ക്രിക്കറ്റ് താരം മെലാനി ജോൺസ്. ഈ പദവിയിലെത്തുന്ന ആദ്യ വനിതയാണ് മെലാനി. 1997ലാണ് മെലാനി ജോൺസ് ആദ്യമായി ഓസ്ട്രേലിയൻ ജഴ്സി അന്താരാഷ്ട്ര വേദിയിൽ അണിയുന്നത്. അന്നേ വർഷം തന്നെ ഓസ്ട്രേലിയൻ വനിതാ ടീം ലോകകപ്പ് നേടിയിരുന്നു.
തൊട്ടടുത്ത വർഷം അരങ്ങേറ്റ ടെസ്‌റ്റ് ടൂർണമെന്റായ ആഷസിൽ തന്റെ ആദ്യ ടെസ്‌റ്റ് സെഞ്ച്വറിയും മെലാനി സ്വന്തമാക്കി. 2005ൽ ഓസ്ട്രേലിയ ലോകകപ്പ് ഉയർത്തുമ്പോഴും മെലാനി ടീമിലുണ്ടായിരുന്നു. 61 ഏകദിനങ്ങളും 5 ടെസ്‌റ്റ് മത്സരങ്ങളും മെലാനി കളിച്ചിട്ടുണ്ട്. ഓസ്ട്രേലിയയിലെ ഡൊമസ്‌റ്റിക് ടീമുകളിലെ സജീവ സാന്നിദ്ധ്യമായിരുന്നു മെലാനി. 47കാരിയായ മെലാനിയ്‌ക്ക് ക്രിക്കറ്റിലെ അതുല്യ സംഭാവനകളുടെ പശ്ചാത്തലത്തിൽ പരമോന്നത ബഹുമതികളിൽ ഒന്നായ 'മെഡൽ ഒഫ് ദ ഓർഡർ ഒഫ് ഓസ്ട്രേലിയ ' നൽകി രാജ്യം ആദരിച്ചിരുന്നു. 1995 മുതൽ 2011 വരെയായിരുന്നു മെലാനിയുടെ കരിയർ കാലഘട്ടം. ആഭ്യന്തര, അന്താരാഷ്ട്ര വേദികളിൽ കമന്റേറ്ററുടെയും അവതാരകയുടെയും രൂപത്തിൽ മെലാനി ഇപ്പോഴും സജീവമാണ്.