കോവളം: വിഴിഞ്ഞം തുറമുഖത്തിന്റെ പ്രധാന കെട്ടിടങ്ങളുടെയും സബ് സ്റ്റേഷന്റെയും റോഡുകളുടെയും നിർമാണം ധ്രുതഗതിയിൽ പുരോഗമിക്കുന്നു. തുറമുഖത്തോട് ചേർന്നുള്ള വർക്ക്ഷോപ്പിന്റെ നിർമാണം 75 ശതമാനവും പൂർത്തിയായിക്കഴിഞ്ഞു. കണ്ടെയ്നറുകൾ തീരത്ത് നിരത്തിവയ്ക്കാനുള്ള പ്ലാറ്റ്ഫോമുകളുടെ നിർമാണവും പൂർത്തിയായി. ഇവിടെ തറയോടുപാകി പൂർണമായും പണി തീർത്തിരിക്കുകയാണ്. തീരത്തെ ആവശ്യങ്ങൾക്കായുള്ള സബ്സ്റ്റേഷന്റെ പണി തുടങ്ങിക്കഴിഞ്ഞു. തുറമുഖത്തിന്റെ ബെർത്തിനോട് ചേർന്ന് കണ്ടെയ്നറുകൾക്ക് ആവശ്യമായ വൈദ്യുതി എത്തിക്കുന്നതിനുള്ള ചെറിയ സബ്സ്റ്റേഷനും പൂർത്തിയാകാറായി. സംഭരണ കേന്ദ്രങ്ങൾ, നാവിഗേഷൻ ഉപകരണങ്ങൾ സ്ഥാപിക്കുന്ന കെട്ടിടങ്ങൾ, ഭരണനിർവഹണത്തിനു സൗകര്യമൊരുക്കുന്നതിനുള്ള കെട്ടിടങ്ങൾ തുടങ്ങിയവയുടെ നിർമാണവും പൂർത്തിയായി വരുന്നതായി അധികൃതർ പറഞ്ഞു. തുറമുഖത്ത് വിവിധയിടങ്ങളിലായി ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നത് പുരോഗമിക്കുകയാണ്. തുറമുഖത്തിന്റെ നിർമാണം തുടങ്ങി നാലുവർഷമാകാറായപ്പോഴും പദ്ധതി പൂർത്തിയാക്കാനുള്ള വെല്ലുവിളികൾ തുടരുകയാണ്. തുറമുഖ നിർമാണത്തിന് കരിങ്കല്ല് എത്താത്തതാണ് പ്രധാന തടസമായി അധികൃതർ ചൂണ്ടിക്കാണിക്കുന്നത്. 2020 ഡിസംബറോടെ ഒന്നാം ഘട്ടം പൂർത്തിയാക്കി തുറമുഖത്ത് കപ്പലടിപ്പിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
കരിങ്കല്ലിൽ തട്ടി തുറമുഖം
പുലിമുട്ടിനു മാത്രം 70 ലക്ഷം ടൺ കല്ല്
ബെർത്തിന്റെ നിർമാണത്തിന് 10 ലക്ഷം ടൺ കല്ല്
ആവശ്യമായ കരിങ്കല്ലെടുക്കാൻ 20 പാറമടകൾ
19 എണ്ണത്തിന് എതിർപ്പില്ലാരേഖ നൽകിയിട്ടുണ്ട്.
പുലിമുട്ടിന്റെ 700 ഓളം മീറ്റർ മാത്രമാണ് പൂർത്തീകരിക്കാനായത്. രൂപരേഖ നൽകുന്ന മുറയ്ക്ക് പരിസ്ഥിതി ക്ലിയറൻസ് നൽകി പാറ പൊട്ടിക്കാനുള്ള അനുമതി നൽകുമെന്നാണ് സർക്കാർ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ, പാരിസ്ഥിതിക അനുമതിയുൾപ്പെടെ നൽകുന്നതിൽ കാലതാമസം നേരിടുന്നതാണ് കല്ല് ലഭിക്കാതിരിക്കാൻ കാരണം.
----തുറമുഖ അധികൃതർ
അന്താരാഷ്ട്ര തുറമുഖം നാൾവഴികളിൽ
2015 ഡിസംബർ 5ന് നിർമാണോദ്ഘാടനം
2019 ഡിസംബർ 19-ന് ഒന്നാംഘട്ടം പൂർത്തിയാക്കാൻ കരാർ
1465 ദിവസത്തിനുള്ളിൽ പദ്ധതി പൂർത്തിയാക്കണം
ഒഴിപ്പിക്കപ്പെട്ടവരുടെ പുനരധിവാസ പ്രശ്നങ്ങൾ പരിഹരിക്കാനുണ്ടായ കാലതാമസം, തുടർന്നുണ്ടായ സമരങ്ങൾ, ശക്തമായ കടലേറ്റം, ഓഖി ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതിക്ഷോഭങ്ങൾ പദ്ധതിയുടെ വിവിധ ഘട്ടങ്ങളുടെ പ്രവർത്തനങ്ങൾ വൈകിപ്പിച്ചു