വെള്ളനാട്: സബ് രജിസ്ട്രാർ ഓഫീസിൽ നിന്നു നിർണായകരേഖകൾ കാണാതായിട്ട് ഒരു വർഷം. വിവരാവകാശത്തിനായി ഉദ്യോഗസ്ഥർ ഒരു വർഷം തെരഞ്ഞിട്ടും രേഖകൾ കണ്ടെത്താനായില്ല. നിരവധി കോടതി-റവന്യൂ ഉത്തരവുകൾ ഉൾപ്പെടുന്ന സർക്കാർ കോപ്പി അടങ്ങുന്ന ഫയലുകളാണ് ഇക്കൂട്ടത്തിലുള്ളതെന്നാണ് വിവരം.

സബ് രജിസ്ട്രാരാഫീസിലെ 1991ലെ 215-ാം നമ്പർ രജിസ്റ്റർ വാല്യമാണ് നഷ്ടമായിരിക്കുന്നത്.1991ലെ 45-ാം നമ്പർ പകർപ്പിനായി കാട്ടാക്കട സ്വദേശിയും പൊതുപ്രവർത്തകനുമായ എസ്.ടി.അനീഷ് നൽകിയ അപേക്ഷയിൽ സബ് രജിസ്ട്രാർ നൽകിയ മറുപടിയിലാണ് നിർണായക രേഖകളടങ്ങിയ രജിസ്റ്റർ കാണാനില്ലെന്ന് പറഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച് അന്ന് കേരളകൗമുദി വാർത്ത നൽകിയിരുന്നു. 2018 ഒക്ടോബറിലാണ് പകർപ്പിനായി അനീഷ് സബ് രജിസ്ട്രാർ ഓഫീസിൽ എത്തുന്നത്. ഫീസ് അടച്ച് ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് രജിസ്റ്റർ കാണാനില്ലെന്ന് സബ് രജിസ്ട്രാർ അനീഷിന് മറുപടി നൽകിയത്. രജിസ്റ്ററുകൾ സൂക്ഷിക്കുന്നതിന് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ അലംഭാവമാണ് രജിസ്റ്റർ നഷ്ടപ്പെടാൻ ഇടയാക്കിയതെന്ന് ആക്ഷേപമുണ്ട്. നൂറ്റാണ്ടോളം പഴക്കമുള്ള രജിസ്റ്ററുകൾ വരെ സബ് രജിസ്ട്രാർ ഓഫീസുകളിൽ സുരക്ഷിതമായിരിക്കെ പ്രത്യേക രജിസ്റ്റർ കാണാതായതിൽ ദുരൂഹതയുള്ളതായും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് അനീഷ് വകുപ്പ് മന്ത്രിക്ക് പരാതി നൽകിയെങ്കിലും അന്വേഷണം നടന്നില്ല. ഭൂമിസംബന്ധമായ നിർണായക രേഖകൾ അടങ്ങിയ ബുക്ക് നശിപ്പിച്ചതാണെന്നാണ് സൂചന. നഷ്ടപ്പെട്ട രേഖയിലെ വസ്തുക്കൾ ഉൾപ്പെടുന്ന വസ്തുവിന്റെ ഉടമസ്ഥരെ സംരക്ഷിക്കാനായി രേഖ നശിപ്പിക്കുകയോ മുക്കുകയോ ചെയ്തതായാണ് അനീഷ് മന്ത്രിക്ക് നൽകിയ പരാതിയിൽ പറയുന്നത്.