സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം രാജ്യം സാക്ഷിയായ ഏറ്റവും ദൈർഘ്യമേറിയ നിയമ പോരാട്ടത്തിനൊടുവിലാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാബഞ്ച് അയോദ്ധ്യ കേസിൽ ഇന്നലെ വിധി പറഞ്ഞത്. ജനങ്ങൾ ഒന്നാകെ ആകാംക്ഷാപൂർവം കാത്തിരുന്ന വിധി അനുസരിച്ച് അയോദ്ധ്യയിലെ 2.77 ഏക്കർ വരുന്ന തർക്ക സ്ഥലത്ത് ശ്രീരാമക്ഷേത്രം നിർമ്മിക്കാൻ അനുമതി ലഭിച്ചിരിക്കുകയാണ്. കേന്ദ്രസർക്കാർ ഇതിനായി രൂപീകരിക്കുന്ന ട്രസ്റ്റിനായിരിക്കും ക്ഷേത്ര നിർമ്മാണത്തിന്റെ ചുമതല. തകർക്കപ്പെട്ട ബാബ്റി മസ്ജിദിനു പകരം അയോദ്ധ്യയിൽത്തന്നെ പുതിയ ഒരു പള്ളി നിർമ്മിക്കാൻ അഞ്ചേക്കർ സ്ഥലം നൽകണമെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ അദ്ധ്യക്ഷതയിലുള്ള ബഞ്ച് ഏകകണ്ഠമായ വിധിയിൽ നിർദ്ദേശിച്ചിട്ടുണ്ട്. തർക്കസ്ഥലം തർക്കകക്ഷികളായ സുന്നി വഖഫ് ബോർഡ്, രാംലല്ല, നിർമോഹി അഖാഡ എന്നിവർക്ക് തുല്യമായി വീതിച്ചുനൽകിയ 2010-ലെ അലഹബാദ് ഹൈക്കോടതിവിധി സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണ്.
ഹൈക്കോടതി തീരുമാനം തീർത്തും തെറ്റായിരുന്നുവെന്ന അഭിപ്രായമാണ് സുപ്രീംകോടതിക്കുള്ളത്. രാമക്ഷേത്ര നിർമ്മാണച്ചുമതല ഏല്പിച്ചിട്ടുള്ള ട്രസ്റ്റിൽ നിർമോഹി അഖാഡയ്ക്ക് അർഹമായ പ്രാതിനിദ്ധ്യം നൽകണമെന്നും നിഷ്കർഷിച്ചിട്ടുണ്ട്. അതുപോലെ തർക്കപ്രദേശത്തിനടുത്ത് എവിടെയെങ്കിലും പ്രധാന കേന്ദ്രത്തിലാകണം സുന്നി വഖഫ് ബോർഡിന് സ്ഥലം അനുവദിക്കാൻ. ഉടമസ്ഥാവകാശവാദവുമായി ഷിയാ വഖഫ് ബോർഡും കേസിൽ പങ്കാളികളായിരുന്നു. എന്നാൽ ഇവരുടെ ഹർജി കോടതി തള്ളുകയാണുണ്ടായത്. 1045 പേജുവരുന്ന വിധിന്യായത്തിലെ പ്രസക്തഭാഗങ്ങൾ അരമണിക്കൂർ എടുത്താണ് വായിച്ചത്. അവധി ദിവസമായിരുന്നിട്ടും ഹർജിയുടെ പ്രാധാന്യം കണക്കിലെടുത്തും പ്രത്യാഘാതങ്ങൾ മുന്നിൽക്കണ്ടും കോടതി പ്രത്യേകം സിറ്റിംഗ് നടത്തിയാണ് വിധി പ്രഖ്യാപിച്ചത്. ഇൗമാസം 17ന് പദവി ഒഴിയുന്ന ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയിയുടെ ബഞ്ചിൽ ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച റിവ്യൂ ഹർജി ഉൾപ്പെടെ ഏതാനും സുപ്രധാന ഹർജികൾകൂടി വിധി കാത്തുകിടപ്പുണ്ട്. 17-ന് മുമ്പ് അവയിലും വിധി വരുമെന്നാണ് പ്രതീക്ഷ.
അയോദ്ധ്യയിലെ തർക്കഭൂമിയിൽ രാമക്ഷേത്രം പണിയണമെന്ന ചരിത്രപരമായ വിധിയോട് സമ്മിശ്ര പ്രതികരണമാണ് പുറത്തു വന്നുകൊണ്ടിരിക്കുന്നത്. വിധി അതേപടി അംഗീകരിക്കാൻ മടിയുള്ളവർ ഉണ്ടാവുമെങ്കിലും ഇന്നത്തെ സാഹചര്യത്തിൽ രാജ്യത്ത് സമാധാനവും ഐക്യവും നിലനിറുത്താൻ സഹായകമായ പ്രായോഗിക നിർദ്ദേശങ്ങളാണ് വിധി ഉൾക്കൊള്ളുന്നതെന്ന് നിസംശയം പറയാം. വിധി പൂർണമായും പഠിച്ചശേഷം എന്തുവേണമെന്നു തീരുമാനിക്കുമെന്ന് തർക്കകക്ഷികളായ മുസ്ളിം സംഘടനകൾ സൂചിപ്പിച്ചുകഴിഞ്ഞു. ഇതിനർത്ഥം വ്യവഹാരങ്ങൾ അവസാനിച്ചിട്ടില്ലെന്നു തന്നെയാണ്. തിരുത്തൽ ഹർജിയെക്കുറിച്ചും റിവ്യൂ ഹർജിയെക്കുറിച്ചുമൊക്കെ പ്രസ്താവനകൾ വന്നുകൊണ്ടിരിക്കുകയാണ്. എന്നാൽ ഭരണഘടനാബഞ്ച് സുദീർഘമായ വാദംകേട്ട് പുറപ്പെടുവിച്ച വിധി അന്തിമമാകയാൽ അതനുസരിച്ച് പ്രവർത്തിക്കാൻ ഏവരും ബാദ്ധ്യസ്ഥരാണ്. വിശ്വാസവാദങ്ങൾക്ക് കോടതി മുന്തിയ പരിഗണന നൽകിയതായി കാണാം.
തർക്കഭൂമി സംബന്ധിച്ച തീർപ്പിൽ ശ്രീരാമന്റെ അസ്തിത്വം സ്ഥാപിച്ചുകൊണ്ടാണ് കോടതി അന്തിമ നിഗമനത്തിലെത്തിയത്. ശ്രീരാമന്റെ ജന്മസ്ഥലമായി ഹൈന്ദവ വിശ്വാസികൾ ഒന്നടങ്കം കരുതുന്ന അയോദ്ധ്യയിൽ തർക്കസ്ഥലത്തുതന്നെ രാമക്ഷേത്രം വന്നുകാണാൻ വർഷങ്ങളായി കാത്തിരിക്കുന്നവരെ അങ്ങേയറ്റം ആഹ്ളാദിപ്പിക്കുന്നതാണ് സുപ്രീംകോടതിവിധി. അതേസമയംതന്നെ അവകാശവാദം ഉപേക്ഷിക്കേണ്ടിവരുന്ന മുസ്ളിം സംഘടനകൾക്കുണ്ടാകുന്ന അതൃപ്തിയും നിരാശയും സ്വാഭാവികമാണുതാനും. തർക്കഭൂമിക്കടുത്തുതന്നെ അവർക്ക് അഞ്ചേക്കർ സ്ഥലം നൽകണമെന്ന നിർദ്ദേശം മുറിവുണക്കാൻ പൂർണമായും പര്യാപ്തമല്ലെങ്കിലും കോടതി സുചിന്തിതമായി കൈക്കൊണ്ട തീരുമാനം രാജ്യത്ത് സമാധാനവും മതസൗഹാർദ്ദവും ഉൗട്ടിയുറപ്പിക്കാൻ ഉതകുന്നതുതന്നെയാണ്. വിധി ഏതുരൂപത്തിലുള്ളതാണെങ്കിലും തങ്ങൾ അത് ശിരസാവഹിക്കുമെന്ന് നേരത്തെതന്നെ എല്ലാ വിഭാഗക്കാരും പ്രതിജ്ഞ എടുത്തിട്ടുള്ളതാണ്. അതിനാൽത്തന്നെ വിധിയുടെ മറവിൽ ഛിദ്രശക്തികൾക്ക് അഴിഞ്ഞാടാൻ അവസരമൊരുക്കാനും ജനങ്ങളുടെ സ്വൈരജീവിതം തകർക്കാനും ആരും മുതിരുകയില്ലെന്നു കരുതാം.
രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും കൂടുതൽ ശക്തിപ്പെടാൻ അത് ഉപകരിക്കുമെങ്കിൽ വിശാലമായ അർത്ഥത്തിൽ രാജ്യത്തിനും അത് ഏറെ നേട്ടമാകും. ശിഥിലീകരണ ശക്തികൾക്ക് അവസരം ഉണ്ടാക്കിക്കൊടുക്കാൻ ആരും ശ്രമിക്കാതിരുന്നാൽ മതി.
കോടതിക്കു പുറത്തുവച്ച് മദ്ധ്യസ്ഥ ശ്രമങ്ങൾ വഴി അയോദ്ധ്യാപ്രശ്നത്തിന് പരിഹാരം കാണാൻ സുപ്രീംകോടതി ശ്രമം നടത്തിയതാണ്. മൂന്നംഗ മദ്ധ്യസ്ഥ സമിതി ആ വഴിക്ക് കുറെ മുമ്പോട്ടു പോവുകയും ചെയ്തു. എന്നാൽ യോജിപ്പിലെത്താനാകാതെ വന്നപ്പോൾ അക്കാര്യം കോടതിയെ അറിയിച്ച് മദ്ധ്യസ്ഥശ്രമം അവസാനിപ്പിക്കുകയായിരുന്നു. തുടർന്നാണ് കോടതി ഹർജികൾ പരിഗണനയ്ക്കെടുത്തത്. നാല്പതുദിവസം തുടർച്ചയായിട്ടാണ് ഹർജികളിൽ വാദം കേട്ടത്. ഒരു കേസിലും മുൻപ് ഇതേ രീതിയിൽ തുടർച്ചയായി വാദം കേൾക്കൽ നടന്നിട്ടില്ല.
വിധി പ്രഖ്യാപനം കണക്കിലെടുത്ത് രാജ്യത്തുടനീളം കൈക്കൊണ്ട സുരക്ഷാ മുൻകരുതലുകൾ അതീവ ഗുണം ചെയ്തുവെന്നു വേണം കരുതാൻ. ഒരിടത്തും അനിഷ്ട സംഭവങ്ങൾ നടന്നതായി ഇതുവരെ വാർത്തയില്ല. യു.പി സംസ്ഥാന സർക്കാർ അതിവിപുലമായ തോതിലുള്ള സുരക്ഷാക്രമീകരണങ്ങളാണ് എടുത്തിട്ടുള്ളത്. അയോദ്ധ്യയിൽ ഡിസംബർ പത്തുവരെ നീളുന്ന നിരോധനാജ്ഞ നേരത്തെതന്നെ പ്രഖ്യാപിച്ചിരുന്നു. തർക്കപ്രദേശം പൂർണമായും പൊലീസ് കാവലിലാണ്. 1992 ഡിസംബർ 6-ന് ബാബ്റി മസ്ജിദ് തകർക്കപ്പെടുമ്പോൾ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വെറും കാഴ്ചക്കാരുടെ റോളിലായിരുന്നു. അന്നും ഇതുപോലുള്ള വിപുല സുരക്ഷാനടപടികൾ എടുത്തിരുന്നുവെങ്കിൽ സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ഇരുൾമൂടിയ ഒരദ്ധ്യായം തീർച്ചയായും ഒഴിവാക്കാനാകുമായിരുന്നു. നിരപരാധികളായ രണ്ടായിരത്തോളം പേരുടെ ജീവനും രക്ഷിക്കാമായിരുന്നു.