pinarayi-vijayan

തിരുവനന്തപുരം: അയോദ്ധ്യ കേസിൽ സുപ്രീംകോടതി വിധിയോടുള്ള പ്രതികരണങ്ങൾ നാടിന്റെ സമാധാനവും ഐക്യവും മതനിരപേക്ഷതയും സംരക്ഷിക്കുന്നതാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താസമ്മേളനത്തിൽ പറഞ്ഞു.

സുപ്രീംകോടതി വിധി അന്തിമമായതിനാൽ അത് ഉൾക്കൊള്ളാൻ എല്ലാവരും ബാദ്ധ്യസ്ഥരാണ്.


സമാധാനവും ശാന്തിയും മതനിരപേക്ഷതയുടെ സംരക്ഷണവുമാകണം പരിഗണിക്കേണ്ടത്. . പ്രകോപനപരമായ പ്രതികരണങ്ങൾ അനുവദിക്കില്ല. പൊലീസ് സംസ്ഥാനത്താകെ ജാഗ്രത പാലിക്കുന്നുണ്ട്.

അയോദ്ധ്യയിൽ ദീർഘകാലമായി നിലനിൽക്കുന്ന തർക്കങ്ങൾക്ക് പരിഹാരമായാണ് രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വിധി വന്നത്. രാജ്യത്ത് രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ ഒരു പ്രശ്നത്തിലാണ് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച് അന്തിമമായി തീർപ്പുകൽപിച്ചത്.തർക്കസ്ഥലത്ത് രാമവിഗ്രഹം കൊണ്ടുവച്ചതും ബാബറി മസ്ജിദ് പൊളിച്ചതും നിയമവിരുദ്ധമാണെന്ന് കോടതി സ്ഥിരീകരിച്ചിരിക്കുന്നു. ഈ വിധിയോടെ ഭൂമിത്തർക്കവുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങൾക്കുള്ള തീർപ്പാണ് ഉണ്ടായിരിക്കുന്നത്.


വിധി തങ്ങൾ കാലാകാലമായി ഉയർത്തുന്ന അവകാശവാദങ്ങൾക്കും ആവശ്യങ്ങൾക്കും വിഘാതമായി എന്ന് കരുതുന്നവരുണ്ടാകാം. അതോടൊപ്പം തങ്ങളുടെ ആവശ്യങ്ങളാണ് അംഗീകരിക്കപ്പെട്ടതെന്ന് ധരിക്കുന്ന വിഭാഗവുമുണ്ട്.രണ്ടുകൂട്ടരും സംയമനത്തോടെയും സമാധാനം നിലനിർത്താനുള്ള താൽപര്യത്തോടെയും വിധിയോട് പ്രതികരിക്കണം.
കേരളം ബാബറി മസ്ജിദ് തകർത്ത ഘട്ടത്തിൽ ൻവിവേകത്തോടെയും സമാധാനപരവുമായാണ് പ്രതികരിച്ചത്. സംസ്ഥാനത്ത് പറയത്തക്ക അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായില്ല. അതേ രീതി കൂടുതൽ പ്രതിബദ്ധതയോടെ തുടരേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.