
പാറശാല: പരശുവയ്ക്കൽ ജംഗ്ഷനിൽ ദേശീയപാത ഓരത്തായി സ്ഥിതിചെയ്യുന്ന പൊന്നംകുളം നാട്ടുകാർക്ക് ഏറെ പ്രയോജനമുള്ളതായിരുന്നു. കുളിക്കാനും കാർഷിക ആവശ്യങ്ങൾക്കും എല്ലാം നാട്ടുകാർ കുളത്തെ ആശ്രയിച്ചിരുന്നു. പ്രദേശവാസികളുടെ നിത്യജീവിതവുമായി ബന്ധപ്പെട്ട കുളം നശിക്കുന്നതിന് കാരണം കുളത്തെ കൂടുതൽ നന്നാക്കാൻ ശ്രമിച്ചതാണെന്നും ആക്ഷേപമുണ്ട്. അഞ്ച് വർഷം മുൻപ് കഴിഞ്ഞ പഞ്ചായത്ത് ഭരണ സമിതിയുടെ കാലത്താണ് കുളം പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് പന്ത്രണ്ട് ലക്ഷം രൂപയുടെ പദ്ധതി തയാറാക്കിയത്. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കുളത്തിലെ ചെളി കോരി മാറ്റൽ, പാർശ്വഭിത്തികളുടെ നിർമ്മാണം എന്നിവയും ഇതിൽ ഉൾപ്പെട്ടിരുന്നു. ചെളി ഭാഗികമായി കോരിമാറ്റിയതിനെ തുടർന്ന് പാർശ്വഭിത്തികളുടെ നിർമ്മാണം നടത്തിയെങ്കിലും പണി നടത്തിപ്പിലെ കാലതാമസം കുളത്തിന് വിനയായി. പെട്ടെന്ന് ഉണ്ടായ മഴയിൽ കുളം നിറഞ്ഞതോടെ പണി പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചു. ജോലിയുടെ നടത്തിപ്പുകാരായ അധികൃതരും സംഭവങ്ങൾക്ക് കൂട്ടുനിന്നതോടെ കുളത്തിന്റെ ദുർഗതി പൂർണമായി.
ചെളി പൂർണമായും കോരി മാറ്റാത്തത് കുളത്തിൽ എത്തുന്നവരുടെ ജീവന് ഭീഷണി ഉയർത്തുകയാണ്. ഇതൊന്നും വകവയ്ക്കാതെ കുളത്തിൽ ഇറങ്ങിയ മൂന്ന് പേർക്ക് ജീവഹാനി സംഭവിച്ചതോടെ ഇവിടെ ആരും ഇറങ്ങാതായി. ഏറെനാൾ ആകും മുൻപുതന്നെ കുളത്തിന്റെ പാർശ്വഭിത്തികൾ ഇടിഞ്ഞുതാണു. വെള്ളം കെട്ടിനിൽക്കാൻ വഴിയില്ലാതായതോടെ സമീപത്തെ കർഷകരും ദുരിതത്തിലായി. നിലവിൽ ഉപയോഗശൂന്യമായ കെട്ടിടത്തിലെ വെള്ളത്തിൽ കൊതുകുകൾ പെറ്റുപെരുകി. കുളത്തിൽ നിറയെ വെള്ളം ഉണ്ടായിരുന്നപ്പോൾ പ്രദേശത്തെ കിണറുകളിലും വെള്ളത്തിന് ക്ഷാമമുണ്ടായിരുന്നില്ല. എന്നാൽ ഇപ്പോൾ മറിച്ചാണ് സ്ഥിതി.