കല്ലമ്പലം: ഒറ്റൂർ പഞ്ചായത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച മരമടി മഹോത്സവവും കർഷകകൂട്ടായ്മയും ശ്രീനാരായണപുരം ഏലായിൽ ആവേശഭരിതമായി നടന്നു. കാർഷിക മേഖലയെ തിരിച്ചുപിടിക്കാനും യുവതലമുറയെ കൃഷിയിലേക്ക് അടുപ്പിക്കാനും ലക്ഷ്യമിട്ടാണ് പരിപാടി സംഘടിപ്പിച്ചത്. പഞ്ചായത്തിനെ കൂടാതെ ഒറ്റൂർ സർവീസ് സഹകരണ ബാങ്ക്, കൃഷിഭവൻ, വിവിധ സംഘടനകൾ, നാട്ടുകാർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. കന്നികൃഷിയോടനുബന്ധിച്ചാണ് മരമടി നടക്കുന്നത്. നടീലിന് നിലം ഒരുക്കുന്നതിനുവേണ്ടിയാണ് പണ്ട് മരമടിച്ചിരുന്നത്. പൂട്ടി ചെളിക്കളമായ വയലിൽ ആവശ്യത്തിന് വെള്ളം നിറക്കും. പൂട്ടിക്കൊണ്ടിരിക്കുന്ന കാളകളുടെ കലപ്പ അഴിച്ചുമാറ്റി മരം നുകവുമായി ബന്ധിച്ച് കാളകളെ മുന്നോട്ട് വലിക്കുന്നതാണ് മരമടി. നിരപ്പും ഒതുക്കവുമുള്ള പലകയാണ് മരം. ഇതിനെ നുകവുമായി ബന്ധിപ്പിക്കാനുള്ള നീണ്ട പിടി മരത്തിലുണ്ട്. പൂട്ടുന്ന ആള്‍ തന്നെ മരത്തിൽ നിന്ന ശേഷം കാളകളെ കയർ കൊണ്ട് നിയന്ത്രിക്കും. കാളകൾ മുന്നോട്ട് പോകുമ്പോൾ ആളിന്റെ ഭാരവും ബലവും മരത്തിനു ലഭിക്കുന്നതോടെ വയലിലെ ചെളിമണ്ണ്‍ നിരപ്പാകും. നിരപ്പായ കണ്ടങ്ങളിൽ പിന്നീട് ഞാറു നടും. പണ്ട് ഉത്സവാന്തരീക്ഷത്തിലാണ് ഇത് നടന്നിരുന്നത്. ഇതായിരുന്നു യഥാർത്ഥ മരമടി. പിന്നീടത് മരമടി മത്സരമായും, മരമടി മഹോത്സവമായും മാറി. മരമടി മത്സരത്തിൽ കാളകൾക്ക് അനായാസം ഓടിയെത്തുന്നതിനായി മരം അഴിച്ചുമാറ്റി നുകത്തിൽ കെട്ടിയും ഓട്ടമായി. ഒടുവിൽ മരമടിയുടെ പങ്കാളിത്തം ജനശ്രദ്ധ ആകർഷിക്കും വിധം വിപുലമായതോടെ അത് ഉത്സവമായി.