vistara

തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ന്യൂഡൽഹിയിലേക്ക് വിസ്‌താര എയർലൈൻസ് നോൺസ്റ്റോപ്പ് പ്രതിദിന സർവീസ് ആരംഭിച്ചു.

ഡൽഹിയിൽ നിന്ന് രാവിലെ 7ന് പുറപ്പെട്ട് 10.20ന് തിരുവനന്തപുരത്ത് എത്തും. തിരുവനന്തപുരത്തു നിന്ന് രാവിലെ 11ന് പുറപ്പെട്ട് ഉച്ചയ്ക്ക് 2.20ന് ഡൽഹിയിലെത്തും. ഇക്കണോമി ക്ലാസിൽ 5299രൂപയും ബിസിനസ് ക്ലാസിൽ 21999 രൂപയുമാണ് നിരക്ക്. തിരക്കനുസരിച്ച് നിരക്കിൽ വ്യത്യാസമുണ്ടാകും. ആദ്യ സർവീസ് 96 യാത്രക്കാരുമായി ഇന്നലെ രാവിലെ 10.20ന് തിരുവനന്തപുരത്തിറങ്ങി. വാട്ടർസല്യൂട്ട് നൽകിയാണ് വിസ്താര വിമാനത്തെ സ്വീകരിച്ചത്. തിരുവനന്തപുരത്തു നിന്നുള്ള യാത്രക്കാർക്ക് അമൃത്‌സർ, ചണ്ഡിഗഡ്, ലക്‌നൗ, വാരണാസി എന്നിവിടങ്ങളിലേക്ക് വൺ സ്റ്റോപ് കണക്ഷനുകളും ഏർപ്പെടുത്തിയിട്ടുണ്ട്. 25ന് മുംബയ്- കൊളംബോ സർവീസ് ആരംഭിക്കുമെന്ന് വിസ്താര ചീഫ് സ്ട്രാറ്റജി ഓഫീസർ വിനോദ് കണ്ണൻ, കോർപറേറ്റ് കമ്മ്യൂണിക്കേഷൻസ് ഹെഡ് രശ്‌‌മി സോണി, മാനേജർ റോണിത് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടാറ്റാ സൺസിന്റെയും സിംഗപ്പൂർ എയർലൈൻസിന്റെയും സംയുക്ത സംരംഭമാണ് വിസ്താര. ടാറ്രാ സൺസിന് 51ശതമാനം ഓഹരിപങ്കാളിത്തമുണ്ട്. 56വിമാനങ്ങൾ കൂടി ഉടൻ വിസ്താരയുടെ ഭാഗമാകും.

168 സീറ്റുകളുള്ള വിമാനമാണ് സർവീസ് നടത്തുക.

 156 ഇക്കണോമി, 12ബിസിനസ് ക്ലാസ് സീറ്റുകളാണുള്ളത്.

 35വിമാനങ്ങളുള്ള വിസ്താര പ്രതിദിനം 200 സർവീസുകൾ നടത്തുന്നു