തിരുവനന്തപുരം : ആർ.സി.സിയിൽ സ്കാനിംഗ് മെഷീനുകൾ പ്രവർത്തനക്ഷമമാണെന്നും ദിനംപ്രതി 40 രോഗികളെ നിലവിൽ സ്കാനിംഗിന് വിധേയമാക്കുന്നുവെന്നും ആർ.സി.സി ഡയറക്ടർ ഡോ. രേഖാനായർ അറിയിച്ചു. 3 മെഷീനുകൾ നിലവിൽ പ്രവർത്തിക്കുന്നുണ്ട്. ഡയഗ്‌നോസ്റ്റിക് വിഭാഗത്തിലുള്ള മറ്റൊരെണ്ണം കാലപ്പഴക്കം കാരണം മാറ്റിസ്ഥാപിക്കുന്നതിനുള്ള ടെൻഡർ നടപടികൾ ആരംഭിച്ചു. മെഷീനുകൾക്ക് തകരാർ ഉണ്ടായാൽ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാകാതെ പരിഹരിക്കാൻ പ്രത്യേക സൗകര്യവും ഒരുക്കിയിട്ടുണ്ട്. എന്നാൽ ആർ.സി.സിയിലെ സ്കാനിംഗ് മെഷീനുകൾ തകരാറിലാണെന്ന വ്യാജപ്രചാരണം നടക്കുന്നുണ്ടെന്നും ഇത് ദൗർഭാഗ്യകരമാണെന്നും ആർ.സി.സി ഡയറക്ടർ പറഞ്ഞു.