കുഴിത്തുറ:കന്യാകുമാരി ജില്ലയിലെ കുലശേഖരത്ത് യുവതി അടുക്കളയിൽ തൂങ്ങി മരിച്ച സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ പ്രതിഷേധിച്ചു.കുലശേഖരം അയകൊട് സ്വദേശി മഹേഷിന്റെ ഭാര്യ എരുമേരി സ്വദേശി ശോഭനയാണ് (40) മരിച്ചത്. കഴിഞ്ഞ ജനുവരിയിലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മഹേഷ് ജോലിക്ക് പോയിട്ട് വെള്ളിയാഴ്ച രാത്രി വീട്ടിൽ വന്നപ്പോൾ ശോഭനയെ അടുക്കളയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെന്നാണ് പറയുന്നത്.
സംഭവമറിഞ്ഞു കുലശേഖരം പൊലീസ് സ്ഥലത്തെത്തിയപ്പോൾ നാട്ടുകാർ മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു രംഗത്തെത്തുകയായിരുന്നു.മഹേഷ് ശോഭനയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതിനെത്തുടർന്നാണ് അവർ ആത്മഹത്യ ചെയ്തെന്നാരോപിച്ചാണ് നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പ്രതിഷേധം ശക്തമായതോടെ
പദ്മനാഭപുരം സബ് കളക്ടർ ശരണ്യാഅറി സംഭവ സ്ഥലത്തെത്തി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് പ്രതിഷേധക്കാർ പിന്മാറിയത്. മൃതദേഹം നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.