തിരുവനന്തപുരം : കർഷകർക്ക് നൂതനാശയങ്ങൾ പരിചയപ്പെടുത്തുന്നതിനും കാർഷിക വിജ്ഞാനം വ്യാപിപ്പിക്കാനുമായി കൃഷി വകുപ്പ് കമ്മ്യൂണിറ്റി റേഡിയോ തുടങ്ങുന്നു. ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ ആഭിമുഖ്യത്തിൽ ആലപ്പുഴയിലെ കളർകോടാണ് കമ്മ്യൂണിറ്റി റേഡിയോ സ്റ്റേഷൻ തുടങ്ങാൻ തീരുമാനിച്ചിരിക്കുന്നത്.
സ്റ്റേഷന് കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയത്തിൽ നിന്നു ലെറ്റർ ഓഫ് ഇൻഡന്റ് (എൽ.ഒ.ഐ) ലഭിച്ചു. സ്പെക്ട്രം ഫീസും അടച്ചു. വയർലെസ് ഓപ്പണിംഗ് ലൈസൻസ് (ഡബ്ലിയു.ഒ.എൽ) ലഭിച്ചാൽ റേഡിയോ പ്രക്ഷേപണം ആരംഭിക്കാനാവും.
കർഷകരുടെ വിജയഗാഥകൾ, വ്യക്തിഗത നേട്ടങ്ങൾ കൈവരിച്ചവരെ പരിചയപ്പെടുത്തൽ, കൃഷിവകുപ്പ് മുഖേന നടപ്പാക്കുന്ന പദ്ധതികൾ സംബന്ധിച്ച സമ്പൂർണ വിവരങ്ങൾ, നടപ്പാക്കുന്ന വിവിധ പദ്ധതികളെയും പരിപാടികളെയും കുറിച്ചുളള വിവരണങ്ങൾ, വിവിധ സാമ്പത്തിക സഹായം, ഇൻഷ്വറൻസ് പരിരക്ഷ, സർക്കുലറുകൾ, പദ്ധതിയിലേക്ക് ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്ന രീതി, അപേക്ഷിക്കേണ്ട വിധം, അർഹതാ മാനദണ്ഡങ്ങൾ, സമയപരിധി, സംരംഭക- സംഘകൃഷി മേഖലയിലെ ആനുകൂല്യങ്ങൾ, നിർദ്ദേശങ്ങൾ എന്നിവയും പരിപാടിയിൽ ഉൾപ്പെടുത്തും.
കർഷകർക്കുള്ള സംശയങ്ങൾക്ക് കൃഷി മന്ത്രി നേരിട്ട് മറുപടി പറയുന്ന തത്സമയ പരിപാടിയും ഉണ്ടായിരിക്കും. കൃഷി വകുപ്പ് ഡയറക്ടർ, ഈ രംഗത്തെ പ്രമുഖർ എന്നിവരുടെ തത്സമയ സംപ്രേഷണ പരിപാടികൾ, ഫോൺ ഇൻ പരിപാടികൾ, ബോധവത്കരണ പരിപാടികൾ, ചോദ്യോത്തര പരിപാടികൾ എന്നിവയും കമ്മ്യൂണിറ്റി റേഡിയോ വഴി ആരംഭിക്കും.
കമ്മ്യൂണിറ്റി റേഡിയോ
വാണിജ്യപരമോ പൊതുപ്രക്ഷേപണപരമോ അല്ലാത്ത റേഡിയോ സേവനമാണ് കമ്മ്യൂണിറ്റി റേഡിയോ. പ്രസക്തവും ജനഹിതവും പ്രാദേശികമായ ജനങ്ങൾക്കുവേണ്ടിയുള്ളതുമാണ് ഈ പ്രക്ഷേപണം. വാണിജ്യ മുഖ്യധാരാ മാദ്ധ്യമ പ്രേക്ഷരെ ഇത് ലക്ഷ്യം വയ്ക്കുന്നില്ല. റേഡിയോ പ്രക്ഷേപണ കേന്ദ്രത്തിന്റെ പ്രവർത്തനം, ഉടമസ്ഥത, സ്വാധീനം എന്നിവ അത് പ്രവർത്തിക്കുന്ന പ്രത്യേക സമൂഹത്തിന്റെ സേവനങ്ങൾക്കുവേണ്ടിയായിരിക്കും. ലാഭേച്ഛയില്ലാത്തതും വ്യക്തികളെ സ്വയം പര്യാപ്തമാക്കുന്നതിനുമാണ് കമ്മ്യൂണിറ്റി റേഡിയോ.