തിരുവനന്തപുരം: പ്രളയത്തിൽ നഷ്ടപ്പെട്ട വിവിധ തിരിച്ചറിയൽ രേഖകളും സർട്ടിഫിക്കറ്റുകളും വീണ്ടെടുക്കുന്നതിനായി ജില്ലാ ഭരണകൂടങ്ങൾ സംസ്ഥാന ഐ.ടി മിഷനുമായി സഹകരിച്ച് നടത്തിയ 'സർട്ടിഫിക്കറ്റ് അദാലത്തി'ലൂടെ ആയിരത്തോളം രേഖകൾ തിരിച്ചെടുത്ത് ഡിജിറ്റൽ രൂപത്തിലാക്കി. ഈ രേഖകൾ ഇനി ഡിജി ലോക്കറിൽ ലഭ്യമാകും. വീണ്ടും നഷ്ടമായാൽ ഡൗൺലോഡ് ചെയ്‌തെടുക്കാം. വിവിധ ജില്ലകളിൽ നടന്ന അദാലത്തിൽ ലഭിച്ച 2012 അപേക്ഷകളിൽ നിന്ന് ഇതിനോടകം 1797 സർട്ടിഫിക്കറ്റുകളാണ് അദാലത്ത് വഴി വീണ്ടെടുത്തത്. ഇതോടൊപ്പം 859 ഡിജി ലോക്കർ അക്കൗണ്ടുകളും തുറന്നു. വയനാട് 192, കോഴിക്കോട് 180, തൃശ്ശൂർ 161, കണ്ണൂർ 56, മലപ്പുറം 1208 എന്നിങ്ങനെയാണ് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തത്. അതോടൊപ്പം വയനാട് 120, കണ്ണൂർ 37, തൃശൂർ 79, മലപ്പുറം 494, കോഴിക്കോട് 129 എന്നീ ക്രമത്തിൽ ഡിജി ലോക്കർ അക്കൗണ്ടുകളും തുറന്നിട്ടുണ്ട്.
പ്രധാനമായും ആധാർ, എസ്.എസ്.എൽ.സി/പ്ലസ്ടു സർട്ടിഫിക്കറ്റുകൾ, റേഷൻകാർഡ്, ഡ്രൈവിംഗ് ലൈസൻസ്, ജാതി സർട്ടിഫിക്കറ്റുകൾ, പ്രമാണങ്ങൾ തുടങ്ങിയ സർട്ടിഫിക്കറ്റുകളാണ് വീണ്ടെടുത്തത്. ഇനി നഷ്ടമാകാത്ത രീതിയിൽ എല്ലാ സർട്ടിഫിക്കറ്റുകളുടേയും ഒരു കോപ്പി സർക്കാർ ഡിജി ലോക്കറിൽ സൂക്ഷിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാരിന്റെ ഐ.ടി ഉന്നതപഠന, ഗവേഷണ സ്ഥാപനമായ ഐ.ഐ.ഐ.ടി.എം.കെയുടെ സഹായത്തോടെ തയ്യാറാക്കിയ ആപ്ലിക്കേഷൻ സോഫ്റ്റ്‌വെയറാണ് അദാലത്തിൽ ഉപയോഗിച്ചത്. കേന്ദ്ര ഐ.ടി വകുപ്പിന്റെ ഡിജി ലോക്കർ ടീമുമായി സഹകരിച്ചാണ് സർക്കാർ വിവിധ രേഖകളുടെ ഡിജിറ്റൽ ലോക്കർ സംവിധാനം ജനങ്ങളിലേയ്‌ക്കെത്തിച്ചത്.