ആറ്റിങ്ങൽ: കാറും ലോറിയും കൂട്ടിയിടിച്ച് നാലുപേർ മരിച്ചതിന്റെ ഞെട്ടൽ ഇതുവരെയും ആലംകോട് നിവാസികൾക്ക് മാറിയിട്ടില്ല. തിരക്കേറിയ റോഡിൽ ആലംകോട് കൊച്ചുവിള റോഡിൽ ഇന്നലെ ഉച്ചയ്‌ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. തിരുവനന്തപുരം വാഴവിള സ്വദേശിയും ചെട്ടികുളങ്ങര മേനാമ്പള്ളി അംബ ആശ്രമ മഠാധിപതിയുമായ ഹരിഹര ചൈതന്യ (82,ജ്ഞാനാനന്ദയോഗി), ആശ്രമത്തിലെ പാരായണ ആചാര്യൻ ഓച്ചിറ സ്വദേശി രാജൻബാബു (64), ഓച്ചിറ സ്വദേശികളായ അനുരാഗ് (33), അനുരാഗിന്റെ പിതാവ് റാവു (73) എന്നിവരാണ് മരിച്ചത്. നെയ്യാർ ഡാമിന് സമീപം പൂജയ്‌ക്ക് പോയി മടങ്ങുന്ന സംഘത്തിന്റെ കാർ ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ നാലുപേരും മരിച്ചു. ആറ്രിങ്ങൽ ഫയർഫോഴ്സിന്റെ നേതൃത്വത്തിലുള്ള സംഘം കാർ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്. അമിതവേഗം കാരണം പലപ്പോഴും വാഹനങ്ങൾ പൂർണമായും തകരുന്ന സ്ഥിതിയാണ്. ഇതുകാരണം വാഹനങ്ങൾ വെട്ടിപ്പൊളിച്ചാണ് മൃതദേഹങ്ങൾ പുറത്തെടുക്കുന്നത്. തിരക്കേറിയ ആറ്റിങ്ങൽ ദേശീയപാതയിൽ ചാത്തമ്പറ മുതൽ കോരാണിവരെയുള്ള ഭാഗത്താണ് അപകടം പതിവാകുന്നത്. അപകടങ്ങൾ കുറയ്‌ക്കുന്ന കാര്യത്തിൽ അധികൃതർ ഫലപ്രദമായി ഇടപെടണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
അമിതവേഗവും അശ്രദ്ധയും
-------------------------------------------------
അമിതവേഗവും അശ്രദ്ധയുമാണ് പലപ്പോഴും ദേശീയപാതയിൽ അപകടത്തിനിടയാക്കുന്നത്. ആറ്റിങ്ങൽ ടൗണിനകത്തെ ഗതാഗതക്കുരുക്ക് കണക്കിലെടുത്ത് തിരുവനന്തപുരത്തുനിന്ന് വരുന്ന വാഹനങ്ങൾ കോരാണി കഴിയുമ്പോഴും കൊല്ലത്തുനിന്ന് വരുന്ന വാഹനങ്ങൾ ചാത്തമ്പാറ കഴിയുമ്പോഴും വേഗം കൂട്ടാറുണ്ട്. ഇതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് വിലയിരുത്തൽ.
അധികൃതർ ശ്രദ്ധിക്കേണ്ടത്
-------------------------------------------
ആലംകോട് ജംഗ്ഷനിൽ ട്രാഫിക് പൊലീസുകാരെ നിയോഗിക്കുക
വാഹനങ്ങളുടെ വേഗം നിയന്ത്റിക്കുന്നതിന് നടപടിയെടുക്കണം
അപകട സൂചനാ ബോർഡുകൾ കൂടുതൽ സ്ഥാപിക്കുക
പൊലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടം ശക്തമാക്കണം
ട്രാഫിക് ബോധവത്കരണം ഫലപ്രദമാക്കണം
ഒരുവർഷത്തിനിടെയുണ്ടായ അപകടം - 35
അപകടത്തിൽ ഇതുവരെ മരിച്ചത് - 11 പേർ
പ്രതികരണം
-------------------------
ദേശീയപാതയിൽ അപകടങ്ങൾ വർദ്ധിക്കുന്നതിന് പ്രധാനകാരണം ഡ്രൈവർമാരുടെ അശ്രദ്ധയാണ്. അപകടങ്ങൾ കുറയ്‌ക്കുന്ന കാര്യത്തിൽ വേണ്ട പരിശോധന നടത്താൻ ആർ.ടി.ഒയ്‌ക്കും പൊലീസ് ഉദ്യോഗസ്ഥർക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.
ബി. സത്യൻ എം.എൽ.എ