വിതുര: വിതുര പഞ്ചായത്തിലെ ആദിവാസിമേഖലകളിൽ വന്യമൃഗശല്യം രൂക്ഷമായതായി പരാതി. കാട്ടുമൃഗങ്ങളുടെ താണ്ഡവം മൂലം ആദിവാസി സമൂഹം ദുരിതച്ചുഴിയിലായിട്ട് മാസങ്ങളേറയായി. അനവധി ആദിവാസികളുടെ ജീവൻ കാട്ടാനയുടെയും, കാട്ടുപോത്തിന്റെയും ആക്രമണത്തിൽ പൊലിഞ്ഞിട്ടുണ്ട്. കാട്ടുമൃഗങ്ങളുടെ ശല്യം കാരണം ആനപ്പാറ മണലി മേഖലയിൽ കൃഷി അന്യമായി കഴിഞ്ഞു. പകൽ സമയത്തുപോലും ഇവിടെ കാട്ടാനയുടെയും, പന്നിയുടെയും, കാട്ടുപോത്തിന്റെയും ശല്യം രൂക്ഷമായതായി ആദിവാസികൾ അറിയിച്ചു. രണ്ടാഴ്ച മുൻപ് മണലയിൽ നിന്നും സ്കൂളിലേക്ക് പോയ വിദ്യാർത്ഥിക്ക് കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റിരുന്നു. മാത്രമല്ല കാട്ടാനയുടെ ആക്രമണത്തിലും രണ്ട് പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാട്ടാന, കാട്ടുപോത്ത്, കുരങ്ങുകൾ, പന്നി, മ്ളാവ് എന്നിവയാണ് ഇൗ മേഖലയിൽ പതിവായി ഭീതിയും, നാശവും പരത്തി വിഹരിക്കുന്നത്. തെങ്ങ്, വാഴ, മരിച്ചീനി, കമുക്, പച്ചക്കറി തുടങ്ങിയ കൃഷികൾ വ്യാപകമായി നശിപ്പിക്കും. നാശനഷ്ടങ്ങളുടെ കണക്ക് വളരെ വലുതാണ്. കണക്കുകൾ നിരത്തി അനവധി തവണ വനം മന്ത്രിക്കും വനപാലകർക്കും പരാതി നൽകിയെകിലും ഫലമില്ലെന്ന് മണലി മേഖലയിലെ ആദിവാസികൾ പരാതിപ്പെടുന്നു. കാട്ടുമൃഗശല്യത്തിന് തടയിട്ട് സ്വത്തിനും, ജീവനും ഉറപ്പുവരുത്തിയില്ലെങ്കിൽ വരുന്ന തിരഞ്ഞെടുപ്പ് ബഹിഷ്ക്കരിക്കുവാനുള്ള തീരുമാനത്തിലാണ് ഇവർ. കാട്ടുമൃഗശല്യം തടയുവാൻ സത്വര നടപടികൾ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അനവധി തവണ ആദിവാസികൾ സമരപരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്.
ആദിവാസി മേഖലകളിലെ രൂക്ഷമായ കാട്ടുമൃഗശല്യത്തിന് തടയിടുന്നതിനായി വനം വകുപ്പ് ആവിഷ്കരിച്ച ആനക്കിടങ്ങും വൈദ്യുതിവേലി നിർമ്മാണവും മിക്ക മേഖലകളിലും കടലാസിലൊതുങ്ങിയിരിക്കുകയാണ്. മാത്രമല്ല ആദിവാസി മേഖലകളിൽ വികസനപ്രവർത്തനങ്ങൾ സാദ്ധ്യമാക്കുന്നതിനായി അനുവദിക്കുന്ന കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ മിക്ക ആദിവാസി ഉൗരുകളിലും യാഥാർഥ്യമാകാറില്ലെന്നും ആക്ഷേപമുണ്ട്.