manal

 സ്വകാര്യ മേഖലയ്ക്ക് ഉൾപ്പെടെ അനുമതി

 രണ്ടു മാസത്തിനകം 10 ലക്ഷം ഘനമീറ്റർ മണൽ

 നിർമ്മാണ മേഖലയിലെ പ്രതിസന്ധി തീരും

 മണൽവില കുത്തനെ കുറയും

തിരുവനന്തപുരം: മഹാപ്രളത്തിൽ സംസ്ഥാനത്തെ അണക്കെട്ടുകളിൽ അടിഞ്ഞുകൂടിയ മണൽ വാരുന്നതിനും വില്പന നടത്തുന്നതിനും സ്വകാര്യമേഖലയ്ക്ക് ഉൾപ്പെടെ അനുമതി നൽകി സർക്കാർ ഉത്തരവ്. ദശകോടികൾ വിലമതിക്കുന്ന ഈ മണൽശേഖരം ഘട്ടം ഘട്ടമായി അടുത്ത മാർച്ചിനു മുമ്പ് വില്ക്കുകയാണ് ജലവിഭവ വകുപ്പിന്റെ ലക്ഷ്യം. ആദ്യഘട്ടമായി, രണ്ടു മാസത്തിനകം 10 ലക്ഷം ഘനമീറ്റർ മണൽ വിപണയിലെത്തിക്കും. മണൽക്ഷാമം കാരണം പ്രതിസന്ധി നേരിടുന്ന നിർമ്മാണ മേഖലയ്ക്ക് ആശ്വാസമാകുന്നതാണ് പദ്ധതി. മണലിന്റെ അനിയന്ത്രിതമായ വിലക്കയറ്റത്തിനും പരിഹാരമാകും.

സ്വകാര്യ സ്ഥാപനങ്ങൾക്കും സാങ്കേതിക ശേഷിയുള്ള സ്വകാര്യ വ്യക്തികൾക്കും നിബന്ധനകൾക്കു വിധേയമായി മണൽ വാരി വില്പന നടത്താമെന്ന് ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. ഇതിന് പാരിസ്ഥിതിക അനുമതി ആവശ്യമില്ല. വ്യവസ്ഥകൾക്കു വിധേയമായി 25 ലക്ഷം രൂപ കരാറുകാർ കെട്ടിവയ്ക്കണം. ഉയർന്ന ടെൻഡർ അനുസരിച്ചാണ് പാസ് നൽകുക. വാരുന്ന മണലിന്റെ കണക്കും അതിനനുസരിച്ചുള്ള ഫീസും മാസത്തിൽ ഒരിക്കൽ ജില്ലാ അധികൃതർക്ക് നൽകണം. ചൂഷണം തടയാൻ മണൽ വാരുന്നയിടങ്ങളിൽ സിസി ടിവി കാമറകൾ സ്ഥാപിക്കും.

പ്രളയശേഷം നദികളിൽ വൻതോതിൽ മണൽ അടിഞ്ഞുകൂടിയിട്ടുണ്ടെന്ന് ജലസേചനവകുപ്പ് ചീഫ് എൻജിനിയർ സർക്കാരിന് റിപ്പോർട്ട് നൽകിയിരുന്നു. മണൽ നിറഞ്ഞതിനാൽ വെള്ളിയാങ്കൽ ഉൾപ്പെടെ പല അണക്കെട്ടിന്റെയും പ്രവർത്തനം നിലച്ചിരുന്നു. മണൽ നീക്കം ചെയ്യണമെന്ന ഡാം റഗുലേറ്ററി കമ്മിറ്റിയുടെ റിപ്പോർട്ടുകൾ കൂടി പരിഗണിച്ചാണ് ഇപ്പോഴത്തെ ഉത്തരവ്. റിപ്പോർട്ട് അനുസരിച്ച് അണക്കെട്ടുകളിലെ മണലിൽ 40 ശതമാനം എക്കലാണ്. ഇത് സർക്കാർ നിശ്ചയിക്കുന്ന നിരക്കിൽ കർഷകർക്ക് നൽകും. മണൽ പൊതുവിപണിയിൽ വിൽക്കാം. അതിന്റെ വില കരാറുകാർക്ക് നിശ്ചയിക്കാം.നിലവിൽ ഒരു ലോഡ് മണലിന് 3500- 9000 രൂപ വരെയാണ് വില.

മണൽ വാരുന്നതിനും വില്പനയ്ക്ക് എത്തിക്കുന്നതിനുമുള്ള ചുമതല പൊതുമേഖലയ്ക്കു നൽകാൻ നിർദ്ദേശമുണ്ടായെങ്കിലും സ്വകാര്യ സ്ഥാപനങ്ങളുമായി പൊതുമേഖലയ്ക്ക് മത്സരിക്കാമെന്ന നിലപാടാണ് സർക്കാർ സ്വീകരിച്ചത്. കൂടിയ തുക ക്വാട്ട് ചെയ്യുന്നവർക്കാണ് അനുമതി നൽകുക. സംസ്ഥാനത്തെ 20 റിസർവോയറുകളിലെ മണൽ ആദ്യ ഘട്ടത്തിലും ബാക്കി 32 റിസർവോയറുകളിലേത് രണ്ടാം ഘട്ടത്തിലും വില്പന നടത്തും. ലഭിക്കുന്ന തുകയുടെ 20 ശതമാനം ഡാമുകളുടെ അറ്റക്കുറ്റപ്പണിക്ക് വിനിയോഗിക്കും.മണൽ വില്പനയിലൂടെ ലഭിക്കുന്ന ലാഭം, അതിന്റെ തരംതിരിവ്,അളവ് തുടങ്ങിയവ ഉൾപ്പെടുത്തി വിശദമായ പദ്ധതി റിപ്പോർട്ടിന് സ്വകാര്യസ്ഥാപനത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

 ഡാമുകളുടെ സംഭരണശേഷി കൂട്ടാം

അടിഞ്ഞുകൂടിയ മണൽ വാരുന്നതിലൂടെ അണക്കെട്ടുകളുടെ സംഭരണശേഷി 10 ശതമാനം കൂട്ടാമെന്നും ഇതിലൂടെ സംസ്ഥാനത്തിന് 800 ദശലക്ഷം ഘനമീറ്റർ അധികജലം സംഭരിക്കാമെന്നുമാണ് പ്രതീക്ഷ. ഇതിലൂടെ 5000 കോടിയോളം രൂപയുടെ പരോക്ഷ നേട്ടമുണ്ടാക്കും. അഞ്ച് പുതിയ റിസർവോയറുകൾ സ്ഥാപിക്കുന്നതു തുല്യമായ നേട്ടമാണിത്.

ഒന്നാം ഘട്ടത്തിലെ പ്രധാന അണക്കെട്ടുകൾ

(മണലിന്റെ അളവ് ഘനമീറ്ററിൽ ബ്രായ്ക്കറ്റിൽ)

ചാലിയാറിലെ പൂക്കോട്ടു മണ്ണ് - 55000 ഘനമീറ്റർ

ഭാരതപ്പുഴയിലെ ചെറുതുരുത്തി- 10,000

മാമം പുഴയിലെ ചെങ്ങനാംകടവ് 56000

വെള്ളാറിലെ വെള്ളിയാങ്കൽ- 7500

പാരുപ്പള്ളികാവ്- 8000

(നാല് ഘനമീറ്റ‌ർ മണലാണ് ഒരു ലോഡ് )​