nov09b
നാലുപേരുടെ മരണത്തിനിടയാക്കിയ ആൾട്ടോ 800 കാർ മൃതദേഹങ്ങൾ പുറത്തെടുക്കാനായി ഫയർ ഫോഴ്സ് വെട്ടി പൊളിച്ച നിലയിൽ

മരിച്ചവരിൽ ആശ്രമ മഠാധിപതിയും

ആ​റ്റിങ്ങൽ: ദേശീയപാതയിൽ ആലംകോട് കൊച്ചുവിളമുക്കിന് സമീപം കാറും ലോറിയും കൂട്ടിയിടിച്ച് കാറിലുണ്ടായിരുന്ന നാല് പേർ തത്ക്ഷണം മരിച്ചു. തിരുവനന്തപുരം വാഴവിള സ്വദേശിയും ചെട്ടികുളങ്ങര മേനാമ്പള്ളി അംബ ആശ്രമ മഠാധിപതിയുമായ ഹരിഹര ചൈതന്യ (82,ജ്ഞാനാനന്ദയോഗി), ആശ്രമത്തിലെ പാരായണ ആചാര്യൻ ഓച്ചിറ സ്വദേശി രാജൻബാബു (64), ഓച്ചിറ സ്വദേശികളായ അനുരാഗ് (33), അനുരാഗിന്റെ പിതാവ് റിട്ട. റെയിൽവേ സൂപ്രണ്ട് റാവു (73) എന്നിവരാണ് മരിച്ചത്.

ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് അപകടം. നെയ്യാർ ഡാമിന് സമീപം പൂജ കഴിഞ്ഞ് ആലപ്പുഴയിലേക്ക് മടങ്ങുകയായിരുന്ന സ്വാമിയും സംഘവും സഞ്ചരിച്ചിരുന്ന കാറും എതിർദിശയിൽ നിന്നു തിരുവനന്തപുരത്തേക്ക് വന്ന മഹീന്ദ്ര ടോറസ് ലോറിയുമാണ് ഇടിച്ചത്. കാർ ഡ്രൈവർ ഉറങ്ങിയതാണ് അപകട കാരണമെന്ന് കരുതുന്നു. അപകട സമയം ലോറി ശരിയായ സൈഡിലും കാർ തെറ്റായ സൈഡിലുമായിരുന്നു. നിയന്ത്റണം വിട്ട രീതിയിൽ കാർ വരുന്നതുകണ്ട് നിറുത്തിയ ലോറിയിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണമായും തകർന്നു. കാറിനുള്ളിൽ കുടുങ്ങിപ്പോയ മൃതദേഹങ്ങൾ ആ​റ്റിങ്ങൽ ഫയർഫോഴ്‌സ് സംഘം എത്തി വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. മൃതദേഹങ്ങൾ ചിറയിൻകീഴ് താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ആ​റ്റിങ്ങൽ പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

മുമ്പ് തിരുവനന്തപുരം ശുഭാനന്ദ ആശ്രമ മഠാധിപതിയായിരുന്ന ഹരിഹര ചൈതന്യ അഞ്ചുവർഷം മുമ്പാണ് അംബ ആശ്രമ മഠാധിപതിയായത്.1102 -ലാണ് അംബ ആശ്രമത്തിന്റെ തുടക്കം. സ്വാമിയുടെ നിര്യാണത്തിൽ വിവിധ ഹൈന്ദവ സംഘടനകൾ അനുശോചനം രേഖപ്പെടുത്തി.

പത്മാക്ഷിയാണ് രാജൻ ബാബുവിന്റെ ഭാര്യ. മക്കൾ : ശരത് ബാബു (ഇന്ത്യൻ നേവി), അർച്ചന എസ്. ബാബു (ഖത്തർ), വിഷ്ണു (വിദ്യാർത്ഥി). മരുമക്കൾ: അനൂപ്, ഡോ. ശരണ്യ.

അനുരാഗിന്റെ ഭാര്യ: നേഹ, മകൻ: അവ്യക്ത്.