വിതുര: കെ.എസ്.ആർ.ടി.സി ബസിൽ നിന്നും കളഞ്ഞുകിട്ടിയ 36000 രൂപ ഉടമയ്ക്ക് മടക്കി നൽകി നെടുമങ്ങാട് ഡിപ്പോയിലെ ഡ്രൈവറും കണ്ടക്ടറും. കഴിഞ്ഞ ദിവസം പൊൻമുടിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോയ ബസിലെ യാത്രക്കാരനായ മേമല സ്വദേശി അബ്ദുൽജലീലിന്റെ പണവും വിലപ്പെട്ട രേഖകളുമടങ്ങിയ ബാഗ് ബസിൽ വച്ച് മറന്നുപോയി. ബസ് സ്റ്റാൻഡിൽ എത്തിയപ്പോൾ ബാഗ് സീറ്റിനടിയിൽ കിടക്കുന്നത് ഡ്രൈവർ വിതുര സ്വദേശി എച്ച്. അനിൽകുമാറിന്റെയും, കണ്ടക്ടർ എം. അനീഷിന്റെയും ശ്രദ്ധയിൽ പെട്ടു. രണ്ട് പേരും ചേർന്ന് ബാഗ് നെടുമങ്ങാട് ഡിപ്പോയിൽ എത്തിച്ചു. ഇന്നലെ ഉടമയെ കണ്ടെത്തി പണം മടക്കി നൽകുകയായിരുന്നു.