adivasis

തിരുവനന്തപുരം: ആദിവാസി ഊരുകളിൽ നിരക്ഷരാന്ധകാരം മാറി അക്ഷരവെളിച്ചം പരക്കുകയാണ്. കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ സാക്ഷരതാമിഷൻ നടപ്പിലാക്കിയ വിവിധ പദ്ധതികളിലൂടെ ആദിവാസി മേഖലകളിൽ സാക്ഷരത നേടിയത് 12,968 പേർ. 2017 മാർച്ചിൽ വയനാട്ടിൽ ആരംഭിച്ച പ്രത്യേക സാക്ഷരതാ പദ്ധതിയുടെ ഒന്നും രണ്ടും ഘട്ടങ്ങൾ പൂർത്തിയായപ്പോൾ മാത്രം 7302 പേർ സാക്ഷരത നേടി. ആദിവാസികൾക്കിടയിൽ നിരക്ഷരത ഏറ്റവും കൂടുതലുള്ള പാലക്കാട് ജില്ലയിലെ അട്ടപ്പാടി ബ്ലോക്കിൽ സാക്ഷരത നേടിയവരുടെ എണ്ണം 3670.

അട്ടപ്പാടി ബ്ലോക്കിൽ അവശേഷിക്കുന്ന നിരക്ഷരരെ കണ്ടെത്തുന്നതിനുള്ള സർവേ നടപടികൾ പൂർത്തിയായി. സർവേ വിവരം ഉടൻ പുറത്തുവരും. വയനാട് ജില്ലയിൽ മൊത്തം 2167 ആദിവാസി ഊരുകളാണുള്ളത്. ഇതിൽ 500 ഊരുകളിൽ നടപ്പിലാക്കിയ സാക്ഷരതാ പദ്ധതി ഫലപ്രദമായതിനെ തുടർന്ന് പദ്ധതി മുഴുവൻ ഊരുകളിലേക്കും വ്യാപിപ്പിക്കുന്നത്.

കുടുംബശ്രീയുമായി സഹകരിച്ച് കണ്ണൂരിലെ ആറളം ഫാമിൽ പ്രത്യേക ആദിവാസി സാക്ഷരതാ പദ്ധതിയ്ക്കും സാക്ഷരതാമിഷൻ തുടക്കം കുറിച്ചു. ഇതിന്റെ ഭാഗമായുള്ള സർവേ നവംബർ 12ന് തുടങ്ങും. പയ്യന്നൂർ കാലടി സർവകലാശാലയിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലാണ് സർവേ നടത്തുന്നത്. ക്ലാസുകൾ 16ന് തുടങ്ങും. ആറളം ഫാം പുനരധിവാസി മേഖലയിൽ താമസിക്കുന്നവരിൽ മുഴുവൻ പേരും ആദിവാസികളാണ്. ആറു ബ്ലോക്കുകളിലായി മൊത്തം 1600 കുടുംബങ്ങളിലെ ഭൂരിഭാഗം പേരും നിരക്ഷരരാണ്. ആറളം ഫാമിൽ നിലവിൽ 70 കുടുംബശ്രീ അയൽക്കൂട്ടങ്ങൾ പ്രവർത്തിച്ചുവരുന്നു. ആറുബ്ലോക്കുകളിലായി 10 പഠനമുറികൾ ഒരുക്കും. ഓരോ പഠനമുറിയിലും കുറഞ്ഞത് 25 നിരക്ഷരരെ എത്തിക്കാനാണ് ലക്ഷ്യമിടുന്നത്. മൂന്ന് മാസമാണ് കോഴ്സ് കാലാവധി. കുടുംബശ്രീ ആറളം സ്‌പെഷ്യൽ പ്രോജക്ടിൽ ഉൾപ്പെടുത്തി പദ്ധതി ചെലവ് കണ്ടെത്തും.

'' ആദിവാസികളെ പഠിപ്പിക്കാൻ ആ വിഭാഗത്തിൽ നിന്നുള്ള അദ്ധ്യാപകരെ തന്നെ നിയോഗിച്ചതാണ് പദ്ധതികൾ കാര്യക്ഷമമാകാൻ കാരണം. ഘട്ടം ഘട്ടമായി സംസ്ഥാനത്തെ മുഴുവൻ ആദിവാസി മേഖലകളിലേയും നിരക്ഷരത ഇല്ലാതാക്കും. ''
ഡോ.പി.എസ്.ശ്രീകല,​ ഡയറക്ടർ- സാക്ഷരതാമിഷൻ