വക്കം: വക്കം പാട്ടത്തിൽ മുക്ക് - പ്രബോധിനി സ്കൂൾ റോഡിൽ വെള്ളക്കെട്ടും, കൊതുകുശല്യവും, ദുർഗന്ധവും കൊണ്ട് ജനം പൊറുതി മുട്ടുന്നു. മഴവെള്ളത്തിനു പുറമേ രണ്ടിടങ്ങളിൽ മാസങ്ങളായി വാട്ടർ അതോറിട്ടിയുടെ പൈപ്പ് പൊട്ടി ഒഴുകുന്നതും, ഓട നിറഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നതും, മഴ കൊണ്ടുണ്ടായ ഊറ്റും എല്ലാം ഒരു പോലെ നാട്ടുകാരെ ബുദ്ധിമുട്ടിക്കുന്നു . മഴക്കാലപൂർവ ശുചീകരണം നടത്താതിരുന്നതിനാൽ ഓടകൾ അടഞ്ഞു. പാഴ് വസ്തുക്കൾ കൊണ്ട് ഓടകൾ നിറഞ്ഞു. പൊട്ടിയ പൈപ്പ് വെള്ളം കൊണ്ട് നിറഞ്ഞ ഓടകളിൽ ഇലകളും മറ്റും വീണ് ചീഞ്ഞ് നാറി തുടങ്ങി. ഒപ്പം കൊതുകിന്റെ ശല്യവും ഏറി. പൈപ്പ് ലൈനുകൾ രണ്ടിടത്ത് പൊട്ടിയ വിവരം നാട്ടുകാർ മാസങ്ങൾക്ക് മുൻപ് ഗ്രാമപഞ്ചായത്തിലും, വാർഡ് അംഗത്തിന്റെയും, വാട്ടർ അതോറിട്ടിയുടെയും ശ്രദ്ധയിൽ പെടുത്തിയെങ്കിലും യാതൊരു നടപടിയും ഇനിയും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. മഴക്കാലത്ത് കുട്ടികൾ വാഴവെട്ടി വെള്ളത്തിൽ ചങ്ങാടം ഉണ്ടാക്കി കളിക്കുന്നതും പതിവാണ്. വെള്ളക്കെട്ടിലുടെ വിദ്യാർത്ഥികളുടെയും, നാട്ടുകാരുടെയും യാത്ര ദുസഹമായി. മഴ കുടുതൽ ഉളപ്പോൾ റോഡിൽ മുട്ടോപ്പം വെള്ളമാണ്. ആ സമയങ്ങളിൽ യാത്രക്കായി മറ്റ് വഴികളും തേടാറുണ്ട്. റോഡിൽ ഇന്റർലോക്ക് സംവിധാനം ഏർപ്പെടുത്തുകയും, ഓടകൾ നവീകരിക്കുകയും ചെയ്താൽ വെള്ളക്കെട്ടിന് ഒരു പരിധി വരെ ആശ്വാസമാകുമെന്നാണ് വിലയിരുത്തൽ.