road

പാലോട്: ദിവസേന നൂറ് കണക്കിന് വാഹനങ്ങൾ കടന്നുപോകുന്ന റോഡാണ് പച്ച ശാത്രാ ക്ഷേത്രത്തിലേക്കുള്ള നന്ദിയോട്, പാലുവള്ളി റോഡ്. ഈ രണ്ട് റോഡും പുനർനിർമ്മാണത്തിനായി വെട്ടിപ്പൊളിച്ചിട്ട് വർഷം ഒന്ന് കഴിഞ്ഞു. മണ്ഡലകാലമാകുമ്പോൾ നിരവധി വാഹനങ്ങളാണ് ഈ ക്ഷേത്രത്തിലേക്ക് എത്തുന്നത്. 2018 ഡിസംബറിൽ ഗ്രാമീണ സഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ച ഈ റോഡ് മന്ത്രി എ.സി. മൊയ്തീനാണ് ഉദ്ഘാടനം ചെയ്തത്. ഏകദേശം ആറ് കോടി രൂപയോളം നിർമ്മാണ ചെലവ് വരുന്ന റോഡിന്റെ പണികൾ തുടങ്ങിയിട്ട് വർഷം ഒന്നായി. എന്നാൽ നിർമ്മാണം തുടങ്ങിയത് മഴക്കാലത്താണെന്നും ആക്ഷേപമുണ്ട്.

രോഗികളും വൃദ്ധരും സ്കൂൾ കുട്ടികളും ഉൾപ്പടെ ആശ്രയിക്കുന്ന ഈ റോഡിലിപ്പോൾ കാൽനടപോലും സാദ്ധ്യമല്ല. ഇനിയും നാളുകൾ കാത്തിരിക്കേണ്ടി വരുമെന്നാണ് നാട്ടുകാരുടെ പരാതി. സ്ഥലം ഏറ്റെടുക്കാൻ ഉണ്ടായ കാലതാമസവും പാറയുടെയും ചല്ലിയുടെയും ലഭ്യതക്കുറവുമാണ് നിർമ്മാണം താമസിക്കാൻ കാരണമെന്നാണ് കരാർ ഏറ്റെടുത്ത കമ്പനി പറയുന്നത്. എന്നാൽ റോഡ് നിർമ്മാണം ആരംഭിക്കുമ്പോൾ തന്നെ വസ്തു ഉടമകൾ മതിലുകൾ പൊളിക്കുകയും വൃക്ഷങ്ങൾ മുറിച്ചു മാറ്റിയും വേണ്ട സൗകര്യങ്ങൾ ചെയ്ത് കൊടുത്തിട്ടും മഴക്കാലം തുടങ്ങുന്നതുവരെ അധികൃതർ കാത്തിരുന്നെന്നാണ് നാട്ടുകാർ പറയുന്നത്.
അധികാരികൾ അടിയന്തരമായി ഇടപെട്ട് ഈ റോഡിൽ കൂടി നടന്നു പോകുന്നതിനുള്ള സാഹചര്യമെങ്കിലും ഉണ്ടാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.