നെയ്യാറ്റിൻകര: നിർദ്ദിഷ്ട ദേശീയപാതയായ കഴക്കൂട്ടം- കാരോട് ബൈപ്പാസിന്റെ മുക്കോല മുതൽ കാരോട് വരെയുള്ള ഭാഗത്തെ നിർമ്മാണം ഒച്ചിഴയും വേഗതയിലെന്ന് ആക്ഷേപം. മുക്കോലനിന്ന് കാരോടിലേക്കും കാരോടുനിന്ന് മുക്കോലയിലേക്കും ഒരേസമയത്ത് ആരംഭിച്ച നിർമ്മാണമാണ് കഴിഞ്ഞ നാല് വർഷമായി ഇഴഞ്ഞു നീങ്ങുന്നത്.
മുംബയ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എൽ.ആൻഡ്.ടി കമ്പനിയാണ് ബൈപ്പാസിന്റെ നിർമ്മാണം ഏറ്റെടുത്തിട്ടുള്ളത്. 497.08 കോടിയാണ് നിർമ്മാണ കരാർ. 45 മീറ്റർ വീതിയിൽ പതിനാറര കിലോമീറ്റർ ദൂരത്തിലാണ് റോഡ് നിർമ്മാണം. കോട്ടുകാൽ, കാഞ്ഞിരംകുളം, തിരുപുറം, ചെങ്കൽ, കാരോട് എന്നീ പഞ്ചായത്തുകൾ വഴി കടന്നുപോകുന്ന കാരോട് ബൈപ്പാസ് കന്യാകുമാരി വരെ നീളും. കാരോട് മുതൽ കന്യാകുമാരി വരെയുള്ള പാതയുടെ നിർമ്മാണ ചുമതലയും ചെന്നൈ ആസ്ഥാനമായ എൽ. ആൻഡ് ഡി. കമ്പനിക്കാണ്. കേരളവും തമിഴ്‌നാടും ഉൾപ്പെടെ 86 കിലോമീറ്റർ റോഡിന്റെ പണിയാണ് ഇവിടെ ഇപ്പോൾ നടക്കുന്നത്.
ദേശീയപാത കടന്നുപോകുന്ന പ്രദേശങ്ങളുടെ ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കി,റോഡ് നിർമ്മാണവും തുടങ്ങിയെങ്കിലും പല വസ്തു ഉടമകൾക്കും നഷ്ടപരിഹാരം ഇനിയും ലഭിച്ചിട്ടില്ലത്രേ.
വർഷങ്ങൾക്ക് മുൻപുതന്നെ ദേശീയ പാതയ്ക്കായി സ്ഥലം അളന്ന് അതിര് സ്ഥാപിച്ചിരുന്നു. പ്രമാണങ്ങളും സറണ്ടർ ചെയ്ത് വസ്തുവിലക്കായുള്ള കാത്തിരിപ്പ് റോഡ് നിർമ്മാണം പൂർത്തിയാകാറായിട്ടും ഇതേ വരെ ലഭ്യമായില്ലത്രേ.
ബൈപ്പാസ് കടന്നുപോകുന്ന മേഖലയിൽ മൂന്ന് ഫ്ലൈഓവറും നാല് അണ്ടർ ഗ്രൗണ്ട് റോഡിന്റേയും പണിയാണ് ഇപ്പോൾ നടക്കുന്നത്. മരപ്പാലം, കോട്ടുകുന്നം പൊറ്റയിൽക്കട, കേരള തമിഴ്‌നാട് അതിർത്തി പ്രദേശമായ കടുവാക്കുഴി ചെങ്കവിള റോഡ് എന്നിവിടങ്ങളിലാണ് ഫ്ലൈഓവറുകൾ വരുന്നത്. പുന്നക്കുളം ചപ്പാത്ത് റോഡ്, കഴിവൂർ റോഡ്, പഴയകട പ്‌ളാമൂട്ടുക്കട റോഡ് എന്നിവയ്ക്ക് പുറമേ ഒരു ഇടറോഡ് വഴിയും അണ്ടർഗ്രൗണ്ട് റോഡ് കടന്നുപോകും. നെയ്യാറിനു കുറുകെ മാവിളക്കടവിൽ കാട്ടുവിള ധർമ്മശാസ്താ ക്ഷേത്രത്തിന് സമീപമായി ഒരു ഫ്ലൈഓവറുണ്ട്.
കഴക്കൂട്ടം മുതൽ മുക്കോല വരെയുള്ള 26.72 കി.മീ ഭാഗം ഡിസംബറിൽ സഞ്ചാരത്തിനായി തുറന്നുകൊടുത്തേക്കും. റോഡ് പണി പൂർത്തിയാകുന്നതോടെ ആധുനികസുരക്ഷാ സംവിധാനങ്ങളാണ് ഇവിടെ ഏർപ്പെടുത്തുന്നതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സദാസമയവും റോന്തു ചുറ്റുന്ന സൗജന്യ ആംബുലൻസ് സേവനങ്ങളും ക്രെയിനുകളും ഇവിടെയുണ്ടാകും. ഇവയുടെ ചെലവുമുഴുവൻ ഹൈവേ അതോറിട്ടി വഹിക്കും. റോഡിൽ നിന്നും ലഭിക്കുന്ന ടോൾ വരുമാനം ഉപയോഗിച്ചാകും ഇവയുടെ പ്രവർത്തനം. ടോൾ ബൂത്തിന് അഞ്ചു കിലോമീറ്റർ ചുറ്റളവിൽ താമസിക്കുന്നവരുടെ വാഹനങ്ങളെ ടോളിൽ നിന്ന് ഇളവു നൽകും. ഇതിനായി പഞ്ചായത്തോ നഗരസഭയെ നൽകുന്ന പ്രദേശവാസിയാണെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് ഹാജരാക്കിയാൽ മതി.