nov09f

ആറ്റിങ്ങൽ: തിരുവനന്തപുരം ജില്ലാ പ്രൈവറ്റ് ബസ് ഓപ്പറേറ്റേർസ് അസോസിയേഷന്റെ നേതൃത്വത്തിൽ ജില്ലാ ആസ്ഥാനങ്ങളിൽ സമരം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി ആറ്റിങ്ങലിൽ കൂട്ടധർണ നടന്നു. ആറ്റിങ്ങൽ താലൂക്ക് ഓഫീസിന് മുന്നിലാണ് ധർണ സംഘടിപ്പിച്ചത്. അഡ്വ. അടൂർ പ്രകാശ് എം.പി ഉദ്ഘാടനം ചെയ്തു.

13ന് ഫെഡറേഷന്റെ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും ധർണയും, തുടർന്ന് 20 ന് സ്വകാര്യ ബസുകൾ സൂചനാ പണിമുടക്കും നടത്താൻ തീരുമാനിച്ചു. പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടായില്ലെങ്കിൽ 21 മുതൽ അനിശ്ചിതകാല സമരത്തിന് തുടക്കമിടുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു .
കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ് തങ്ങളെന്നും, പൊതുമേഖലയേയും സ്വകാര്യമേഖലയേയും ഒരു പോലെ സംരക്ഷിക്കുന്ന വിധം ഗതാഗത നയം രൂപീകരിക്കണമെന്നും ആവശ്യപ്പെടുന്നു. വിദ്യാർത്ഥികളുടെ യാത്രാനിരക്ക് 50 ശതമാനമായി വർദ്ധിപ്പിക്കണമെന്നും, കെ.എസ്.ആർ.ടി.സിയുടെ അനിയന്ത്രിതമായ കടന്നുകയറ്റം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു ധർണ. ആറ്റിങ്ങൽ നഗരസഭ ചെയർമാൻ എം. പ്രദീപ്, അസോസിയേഷൻ ജില്ലാ സെക്രട്ടറി ബാബു ജനത, ഹരിദാസ് അർച്ചന, മുഹമ്മദ് അഷറഫ് നൗഫൽ, ഷാജി, ജയറാം വർക്കല, വി. ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.