sreekumran-thampi

തിരുവനന്തപുരം: പ്രതിച്ഛായയിൽ വിശ്വസിക്കാത്ത നടനായിരുന്നു സത്യനെന്നും വില്ലൻ വേഷങ്ങൾ ഉൾപ്പെടെയുള്ളവ ചെയ്യാൻ അദ്ദേഹം മടി കാണിച്ചില്ലെന്നും സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തമ്പി പറഞ്ഞു. കേരള കൾച്ചറൽ ഫോറം സത്യൻ സ്മാരക ഹാളിൽ സംഘടിപ്പിച്ച അനശ്വരനടൻ സത്യന്റെ 107-ാം ജന്മവാർഷികാഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചില പ്രമുഖ നടൻമാരെപ്പോലെ കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ സത്യൻ വേർതിരിവ് കാണിച്ചിട്ടില്ല. ഫാൻസ് അസോസിയേഷനുകൾ സൃഷ്ടിച്ചില്ല. ഉള്ളിൽ സ്നേഹമുള്ള പരുക്കനായിതന്നെ അദ്ദേഹം ജീവിച്ചു. കൃത്രിമമായ അഭിനയശൈലി കണ്ട് മടുത്ത കാഴ്ചക്കാർക്കിടയിലേക്ക് സ്വാഭാവിക അഭിനയവുമായി വന്ന ആദ്യത്തെ നടനാണ് സത്യൻ. തന്റെ പല പാട്ടുകളും വയലാർ എഴുതിയതാണെന്ന് വിശ്വസിക്കുന്നവരുണ്ട്. വയലാർ ഇടതുപക്ഷക്കാരനായിരുന്നു. ഇടതുപക്ഷം കൂടെനിൽക്കുന്നവരെ വാനോളം ഉയർത്തുകയും അവർക്ക് അംഗീകാരങ്ങൾ വാരിക്കോരി നൽകുകയും ചെയ്യും. പണ്ട് ലഭിക്കാതെപോയ പല പുരസ്കാരങ്ങളും ഇപ്പോൾ ഒന്നിച്ച് ലഭിക്കുകയാണെന്നും അവയൊന്നും വയ്ക്കാൻ വീട്ടിൽ സ്ഥലമില്ലെന്നും ശ്രീകുമാരൻ തമ്പി കൂട്ടിച്ചേർത്തു. വി.കെ. പ്രശാന്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പുതിയ തലമുറയിലെ അഭിനേതാക്കൾക്ക് മാതൃകയാക്കാൻ കഴിയുന്ന പ്രതിഭയാണ് സത്യനെന്ന് അദ്ദേഹം പറഞ്ഞു. കൾച്ചറൽ ഫോറം പ്രസിഡന്റ് ഷാജി വിൽസൺ അദ്ധ്യക്ഷനായി. നവീകരിച്ച സത്യൻ ഫോട്ടോ ഗാലറിയുടെ ഉദ്ഘാടനം ശ്രീകുമാരൻ തമ്പി നിർവഹിച്ചു. സത്യൻ കലാമത്സരങ്ങളിൽ മികച്ച വിജയം നേടിയ സ്‌കൂളുകൾക്കുള്ള പുരസ്‌കാരങ്ങൾ എം.വിൻസെന്റ് എം.എൽ.എയും ക്യാപ്റ്റൻ ജെറി പ്രേംരാജ് എൻഡോവ്‌മെന്റ് കെ.ആൻസലൻ എം.എൽ.എയും വിതരണം ചെയ്തു. മലയാള സിനിമയിൽ അഞ്ച് പതിറ്റാണ്ട് പിന്നിട്ട ശ്രീകുമാരൻ തമ്പിയെക്കുറിച്ചുള്ള ഡോക്യുമെന്ററി ചടങ്ങിൽ പ്രദർശിപ്പിച്ചു.എ.പി. ജലജകുമാർ, പി.മനോഹരൻ, കെ.ജയചന്ദ്രൻ, ജോൺ മനോഹർ, എസ്.കെ. വിജയകുമാർ, ജസ്റ്റിൻ ലൂയിസ്, ജെ.സ്റ്റാലിൻ തുടങ്ങിയവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.വിജയൻ സ്വാഗതവും കൺവീനർ പ്രകാശ് റോബർട്ട് നന്ദിയും പറഞ്ഞു.