കാട്ടാക്കട: ആര്യൻകാവ് അമ്പനാട് എസ്റ്റേറ്റിൽ ഒഴുകിയെത്തിയ കുട്ടിയാന ഇനി കാപ്പുകാട്ടെ ശ്രീക്കുട്ടിയായി കഴിയും. ആന പരിപാലനത്തിലെ പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ ശ്രീക്കുട്ടിയെ രവീന്ദ്രൻ പരിചരിക്കും. വെറ്ററിനറി ഡോക്ടറുടെ നിർദ്ദേശ പ്രകാരം ലാക്ടോജൻ, ഉൾപ്പടെ ഭക്ഷണവും ആവശ്യമായ മരുന്നും നൽകുന്നുണ്ട്. ശ്രീക്കുട്ടിയുടെ വരവോടെ കുട്ടിയാനകളുടെ എണ്ണം ആറായി. 82 വയസുള്ള സോമൻ ഉൾപ്പെടെ കാപ്പുകാട്ട് ആനകളുടെ എണ്ണം പതിനേഴായി. കുട്ടം തെറ്റി ഒഴുകിയെത്തിയ ഒരുമാസം പ്രായമുള്ള പിടിയാനയെ തെന്മല അച്ചൻകോവിൽ കല്ലാർ ഫോറസ്റ്റ് റേഞ്ച് ഓഫീസർമാരുടെ നേതൃത്വത്തിൽ തിരികെ കാട്ടാനക്കൂട്ടത്തോടൊപ്പം അയയ്ക്കാനുള്ള ശ്രമം പാഴായതോടെയാണ് കാപ്പുകാട് ആന പുനരധിവാസ കേന്ദ്രിത്തിലെത്തിക്കാൻ തീരുമാനിച്ചത്. വെള്ളിയാഴ്ച് രാത്രി 9ഓടെ ആര്യങ്കാവ് റേഞ്ച് ഓഫീസർ അബ്‌ജു, തെന്മല റേഞ്ച് ഓഫീസർ എം. അജീഷ്, അസിസ്റ്റന്റ് വെറ്ററിനറി ഡോക്ടർ ആനന്ദ് കൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ കാപ്പുകാട് ഡെപ്യൂട്ടി വാർഡൻ എസ്. സതീശൻ, ഡെപ്യുട്ടി റെയിഞ്ചർ രഞ്ചിത്ത് എന്നിവരുടെ നേതൃത്വത്തിൽ കുട്ടിയാനയെ ഏറ്റുവാങ്ങി.