നെടുമങ്ങാട് :ചെങ്കോട്ട - തിരുവനന്തപുരം ഹൈവേയിൽ പഴകുറ്റി കല്ലമ്പാറയ്ക്കു സമീപത്തെ വിവാഹ മണ്ഡപത്തിനു മുന്നിലുള്ള വെള്ളക്കെട്ട് യാത്രക്കാർക്കും കച്ചവടക്കാർക്കും ദുരിതം വിതയ്ക്കുന്നു. ഇരുചക്രവാഹന യാത്രക്കാരും കാൽനടക്കാരും ഇവിടെ അപകടത്തിൽപ്പെടുന്നത് തുടർക്കഥയാണ്.റോഡിന്റെ ഒരുവശം മുഴുവൻ പൊട്ടിപ്പൊളിഞ്ഞ് വലിയ കുഴിയായി രൂപാന്തരപ്പെട്ടിട്ടുണ്ട്.50 മീറ്ററിലധികം ദൂരത്തിൽ മാസങ്ങളായി ഇവിടെ വെള്ളം കെട്ടി നിൽക്കുന്നു.വാഹനങ്ങൾ വെള്ളത്തിലിറങ്ങുമ്പോൾ സമീപത്തെ കടകളിലേക്ക് ചെളി വെള്ളം തെറിക്കും.മഴയുള്ള ദിവസങ്ങളിൽ കച്ചവടക്കാർ കടകൾ തുറക്കാറില്ല.ഇരുചക്രവാഹനങ്ങളിൽ വരുന്ന യാത്രക്കാർ കുഴിയുടെ ആഴമറിയാതെ വെള്ളക്കെട്ടിലേയ്ക്കിറങ്ങുമ്പോൾ അപകടം സംഭവിക്കുകയാണ് പതിവ്.