തിരുവനന്തപുരം: ഗസറ്റഡും അല്ലാത്തവരുമായ എല്ലാ സർക്കാർ ജീവനക്കാർക്കും കെ.എ.എസ്സിന് അപേക്ഷിക്കാമെന്നിരിക്കേ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഗസറ്റഡ് തസ്തികയിലുള്ള അദ്ധ്യാപകരെ മാത്രം ഒഴിവാക്കിയതിൽ പ്രതിഷേധം. കെ.എ.എസ് ഡ്രാഫ്റ്റിലോ പിന്നീട് പുറത്തിറക്കിയ കെ.എ.എസ് സ്‌പെഷ്യൽ റൂൾസിലോ ഉൾപ്പെടാതിരുന്നത് പിന്നീട് അമെൻമെന്റ് റൂൾ ആയി ഉൾപ്പെടുത്തിയാണ് അദ്ധ്യാപകരെ കെ.എ.എസ് പരീക്ഷയ്ക്ക് അപേക്ഷിക്കുന്നതിൽ നിന്ന് ഒഴിവാക്കിയത്. ഗസറ്റഡ് റാങ്കിലുള്ള ഹയർസെക്കൻഡറി അദ്ധ്യാപകർക്കാണ് ഇതു കാരണം കെ.എ.എസ് എഴുതാൻ അവസരം നിഷേധിക്കപ്പെടുന്നത്. ഉയർന്ന വിദ്യാഭ്യാസ യോഗ്യതയുള്ള തങ്ങളെ ഒഴിവാക്കിയതിൽ യാതൊരു നീതീകരണവുമില്ലെന്ന് അദ്ധ്യാപകർ പറയുന്നു. എൽ.പി.എസ്.എ, യു.പി.എസ്.എ, എച്ച്.എസ്.എ തസ്തികകളിലുള്ള അദ്ധ്യാപകർക്കൊന്നും കെ.എ.എസ്സിന് അപേക്ഷിക്കുന്നതിന് തടസ്സമില്ല. ഇതര വിഭാഗം ജീവനക്കാർക്ക് പ്രായപരിധിയില്ലാതെ മത്സര പരീക്ഷ എഴുതാമെന്നിരിക്കേ അദ്ധ്യാപകർക്ക് അവസരം നിഷേധിച്ചത് അനീതിയാണെന്നും ഉത്തരവിൽ തിരുത്തൽ വേണമെന്നും കെ.എസ്.ടി.എ, എ.കെ.എസ്.ടി.യു അടക്കമുള്ള അദ്ധ്യാപക സംഘടനകൾ ആവശ്യപ്പെട്ടിരുന്നു.