kovalam

കോവളം: നബിദിനത്തോടനുബന്ധിച്ച് വിഴിഞ്ഞം സിറാജുൽ ഇസ്ലാം മദ്രസയുടെ നേതൃത്വത്തിൽ നബിദിന സന്ദേശ റാലി നടത്തി. ഭക്തി സാന്ദ്രമായ അന്തരീക്ഷത്തിൽ തക്ബീർ ധ്വനികളുടെയും പ്രവാചക സ്തുതി കീർത്തനങ്ങളുടെയും അകമ്പടിയോടെ നടത്തിയ നബിദിന സന്ദേശറാലിയിൽ സിറാജുൽ ഇസ്ലാം മദ്രസ വിദ്യാർത്ഥികൾക്കൊപ്പം ആയിരങ്ങൾ പങ്കെടുത്തു. അസർ നമസ്കാരനന്തരം വിഴിഞ്ഞം വലിയ പള്ളി മൈതാനത്തിൽ നിന്നും ആരംഭിച്ച സന്ദേശ റാലി ഹാർബർ റോഡ്, ഠൗൺഷിപ്പ്, ആഴാകുള , തിയറ്റർ ജംഗ്ഷൻ, വിഴിഞ്ഞം ജംഗ്ഷൻ വഴി സിറാജുൽ ഇസ്ലാം നഗറിൽ സമാപിച്ചു. വിഴിഞ്ഞം തെക്കുംഭാഗം ജമാഅത്ത് ചീഫ് ഇമാം മഹമ്മദ് റിയാസ് അലി ഹുദവി, ജമാഅത്ത് പ്രസിഡന്റ് എൻ. നൂഹുക്കണ്ണ്, സെക്രട്ടറി എ. നിസാം, മദ്രസ കമ്മിറ്റി പ്രസിഡന്റ് നിസാമുദീൻ, സെക്രട്ടറി മാഹീൻകണ്ണ് സദർമുഅല്ലിമീങ്ങളായ സദഖത്തുല്ലമന്നാനി, ഹസൻകണ്ണ് മുസ്ലിയാർ എന്നിവർ നബിദിന റാലിക്ക് നേതൃത്വം നൽകി. സുപ്രീം കോടതി പുറപ്പെടുവിച്ച അയോധ്യ കേസിന്റെ വിധിയുടെ പശ്ചാത്തലത്തിൽ നബിദിന സന്ദേശ റാലിയോടനുബന്ധിച്ചുള്ള സുരക്ഷ ക്രമീകരണങ്ങൾക്ക് വിഴിഞ്ഞം, കോവളം പൊലീസ് ഇൻസ്പെക്ടർമാർ നേതൃത്വം നൽകി.