sathyan

തിരുവനന്തപുരം: മലയാളത്തിലെ ലക്ഷണമൊത്ത നായകനായിരുന്ന സത്യനെ കോമഡി പരിപാടികളിലൂടെ അപമാനിക്കുന്നത് അവസാനിപ്പിക്കണമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. സത്യൻ ഫൗണ്ടേഷന്റെ അവാർഡ് നൈറ്റും സത്യൻ ജന്മദിനാഘോഷവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സത്യനെ ചാനൽ പരിപാടികളിൽ അപമാനിക്കുന്നതു കാണുമ്പോൾ രോഷം തോന്നാറുണ്ട്. ട്രോളുകളിലും ആക്ഷേപ ഹാസ്യ പരിപാടികളിലും വിമർശിക്കപ്പെടുകയും പരിഹസിക്കപ്പെടുകയും ചെയ്യുന്നവരാണ് താനടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ. എന്നാൽ മൺമറഞ്ഞുപോയ മഹാനടനെ പുതിയ തലമുറയ്ക്കു മുന്നിൽ ദുർബല ശബ്ദത്തിൽ സംസാരിക്കുന്ന, വികൃത ചേഷ്ടകളുള്ള ഒരാളായിട്ടാണ് ചിത്രീകരിക്കുന്നത്. സത്യൻ ജീവിച്ചിരുന്നെങ്കിൽ ആക്ഷേപിക്കുന്നവർക്കു നല്ല തല്ല് കൊടുക്കുമായിരുന്നെന്നും മന്ത്രി പറഞ്ഞു. സത്യൻ ദേശീയ അവാർഡ് സംഗീത സംവിധായകൻ ജെറി അമൽദേവിന് മന്ത്രി സമ്മാനിച്ചു. മുൻ മേയർ കെ.ചന്ദ്രിക അദ്ധ്യക്ഷയായി. സിനിമാ നിരൂപകൻ ടി.പി.ശാസ്തമംഗലം, ദിനീഷ് പണിക്കർ, പത്മജ രാധാകൃഷ്ണൻ, ജി.ശ്രീറാം, ഫൗണ്ടേഷൻ ചെയർമാൻ ജീവൻ സത്യൻ, വൈസ് ചെയർപേഴ്‌സൺ ആഷ ജീവൻ സത്യൻ തുടങ്ങിയവർ സംസാരിച്ചു.