തിരുവനന്തപുരം: വെട്ടുകാട് സ്റ്റേഷനിലെ റിട്ട. എസ്.ഐക്ക് വട്ടിയൂർക്കാവിനു സമീപത്തുവച്ച് കുത്തേറ്റു. വേറ്റിക്കോണം സ്വദേശി ജേക്കബിനാണ് കുത്തേറ്റത്. ഇന്നലെ രാത്രി 9.30ഓടെ നെട്ടയം ജംഗ്ഷനിലായിരുന്നു സംഭവം. മൂന്നു വർഷം മുമ്പ് സർവീസിൽ നിന്നു വിരമിച്ച ജേക്കബ് നെട്ടയത്തെ നഗരസഭ സോണൽ ഓഫീസിന് എതിർവശത്ത് ലോട്ടറി കച്ചവടം നടത്തിവരികയായിരുന്നു. ഇതിനു സമീപം പ്രവർത്തിക്കുന്ന ആശ്വാസ് മെഡിക്കൽസിൽ രാത്രി ആക്ടീവ സ്‌കൂട്ടറിലെത്തിയ രണ്ടു പേർ ജീവനക്കാരുമായി വാക്കുതർക്കത്തിലേർപ്പെട്ടു. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ജേക്കബ് ഇടപെട്ടു. ഇതിനിടെ ഒരാൾ കത്തിയെടുത്ത് കുത്തുകയായിരുന്നു. സംഭവശേഷം ഇരുവരും ആക്ടീവയിൽ രക്ഷപ്പെട്ടു. വയറ്റിൽ കുത്തേറ്റ ജേക്കബിനെ പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ വട്ടിയൂർക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.