തിരുവനന്തപുരം: ആട്ടോയിൽ വിറകും പഴയ സാധനങ്ങളുമായി വീട്ടലേക്കു പോയ ആളെ മാലിന്യം തള്ളാനെത്തിയതെന്നു സംശയിച്ച് ഒരു സംഘം ആളുകൾ മർദ്ദിച്ചു. കാലടി ചിറപ്പാലത്ത് കഴിഞ്ഞ ദിലസം രാത്രി 9.30നായിരുന്നു സംഭവം. കാലടി ചിറപ്പാലം സ്വദേശി സതീശനാണ്(67) മർദ്ദനമേറ്റത്. അവശനായ സതീശനെ ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൃദ്രോഗിയാണ് സതീശൻ.ചിറപ്പാലത്തിനു സമീപത്തെ ഒഴിഞ്ഞ പറമ്പിനു സമീപം മൂത്രമൊഴിക്കാനായി വാഹനം നിറുത്തിയപ്പോൾ ഒരു സംഘം മർദ്ദിക്കുകയായിരുന്നുവെന്ന് കരമന പൊലീസ് പറഞ്ഞു. ഇവിടെ പതിവായി മാലിന്യം തള്ളാറുണ്ടെന്നും സതീശൻ ആട്ടോറിക്ഷ നിർത്തിയപ്പോൾ മാലിന്യം തള്ളാൻ എത്തിയതാണെന്നു സംശയിച്ചാണ് മർദ്ദിച്ചതെന്നും പൊലീസ് പറഞ്ഞു. സതീശന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ നാലു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.