തിരുവനന്തപുരം: പരീക്ഷ കഴിഞ്ഞിറങ്ങിയ ശേഷം കാണാതായ എൻജിനീയറിംഗ് വിദ്യാർത്ഥിയെ കാമ്പസിലെ ബാത്ത്‌റൂമിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. ഉള്ളൂർ നീരാഴി ലെയ്‌നിൽ 'സരസി'ൽ താമസിക്കുന്ന നെയ്യാറ്റിൻകര 'വിശാഖ'ത്തിൽ രതീഷ് കുമാറിനെ(19)ആണ് ഇന്നലെ രാത്രി 11 ഓടെ മരിച്ച നിലയിൽ കണ്ടെത്തിയത്. കോളേജ് ഒഫ് എൻജിനിയറിംഗിലെ ഒന്നാംവർഷ സിവിൽ എൻജിനീയറിംഗ് വിദ്യാർത്ഥിയായിരുന്നു. രതീഷിനെ കാണാനില്ലെന്ന് കാട്ടി വല്യമ്മ ഗിരിജ ശ്രീകാര്യം പൊലീസിൽ പരാതി നൽകിയിരുന്നു. രതീഷിന്റെ അമ്മ നേരത്തെ മരിച്ചതാണ്. വെള്ളിയാഴ്ച ഒന്നാം സെമസ്റ്റർ പരീക്ഷയെഴുതാൻ രാവിലെ ഗിരിജയ്ക്കൊപ്പം രതീഷ് കോളേജിലെത്തിയിരുന്നു. പരീക്ഷ അവസാനിക്കുന്നതിന് മുക്കാൽ മണിക്കൂർ മുമ്പ് രതീഷ് ക്ലാസ് വിട്ടുപോയിരുന്നു. രതീഷിനെ കൂട്ടിക്കൊണ്ടുപോകാൻ ഗിരിജ എത്തിയപ്പോഴാണ് കാണാതായെന്ന വിവരം മനസിലായത്. അദ്ധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് കോളേജ് കാമ്പസിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസിൽ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ മൊബൈൽ ഫോണിന്റെ ലൊക്കേഷൻ കോളേജിന്റെ പ്രാധാന കെട്ടിടത്തിലാണ് കാണിച്ചതെങ്കിലും മറ്റു വിവരമൊന്നും ലഭിച്ചിരുന്നില്ല. ഇന്നലെ തിരച്ചിൽ നടത്തുന്നതിനിടെയാണ് സിവിൽ ഡിപ്പാർട്ട്മെന്റിന്റെ ബാത്ത‌്‌റൂം അകത്തുനിന്ന് പൂട്ടിയിരിക്കുന്നത് ശ്രദ്ധയിൽപെട്ടത്.സെക്യൂരിറ്റി ജീവനക്കാർ പൂട്ട് പൊളിച്ച് വാതിൽ തുറന്നപ്പോഴാണ് തൂങ്ങിനിൽക്കുന്ന നിലയിൽ രതീഷിനെ കണ്ടെത്തിയത്. തുടർന്ന് ശ്രീകാര്യം പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മൃതദേഹം മെഡിക്കൽകോളജ് ആശുപത്രിയിലേക്ക് മാറ്റി.
ദുരൂഹത
മാസങ്ങൾക്കു മുമ്പ് നെയ്യാറ്റിൻകരയിൽ രതീഷ് താമസിച്ചിരുന്ന വീടിനു മുന്നിലെ കടയിൽ കഞ്ചാവു വില്പന നടക്കുകയും എക്‌സൈസ് കട പരിശോധിച്ച് പ്രതികളെ പിടികൂടുകയും ചെയ്തിരുന്നു. രതീഷാണ് എക്‌സൈസിനു വിവരം നൽകിയതെന്നാരോപിച്ച് കഞ്ചാവു വില്പന സംഘത്തിലെ ചിലർ ഇയാളെ മർദ്ദിച്ചിരുന്നു. പിന്നീട് രതീഷിന്റെ വീടിനു മുന്നിൽ കിടന്ന കാർ അജ്ഞാതർ കത്തിക്കുകയും ചെയ്തിരുന്നു. മാസങ്ങൾക്കു മുമ്പ് ഈ കോളേജിൽ നിന്ന് കാണാതായ മറ്റൊരു വിദ്യാർത്ഥിയെ കാര്യവട്ടം കോളേജിന് സമീപത്ത് മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു.