general

ബാലരാമപുരം: പുസ്തക വണ്ടിയുമായി കുരുന്നുകൾ വീട്ടിലെത്തിയപ്പോൾ ഭാഷാപണ്ഡിതനായ ഡോ. തിക്കുറിശി ഗംഗാധരൻ നൽകിയത് കൈനിറയെ പുസ്തകങ്ങൾ. തന്റെ പുസ്തക ശേഖരണത്തിലെ എല്ലാ പുസ്തകങ്ങളുടേയും ഓരോ പതിപ്പ് സ്കൂളിനും വീട്ടിലെത്തിയ കുട്ടികൾക്കും നൽകി. ജില്ലാ പഞ്ചായത്ത് നടപ്പാക്കുന്ന സർഗ്ഗവാസന സമ്പൂർണ വായന പദ്ധതിയുടെ ഭാഗമായി ക്ലാസ് മുറികളിൽ വായനശാല സജ്ജമാക്കുന്നതിനായാണ് ഭഗവതിനട യു.പി.എസിലെ കുട്ടികൾ ഡോ. തിക്കുറിശി ഗംഗാധരന്റെ ഭഗവതിനട കൈരളീ സദനത്തിലെത്തിയത്. വീട്ടിലെത്തിയ എല്ലാവർക്കും ഹോം ലൈബ്രറി സ്ഥാപിക്കാനും അദ്ദേഹം പുസ്തകങ്ങൾ കൈമാറി. ജില്ലാ പഞ്ചായത്തിന്റെ പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ സമ്പൂർണ ക്ലാസ് റൂം ലൈബ്രറിളുള്ള രാജ്യത്തെ ആദ്യ ജില്ലയായി തിരുവനന്തപുരം മാറും. പുസ്തക ശേഖരണത്തിനായി വരുംദിവസങ്ങളിൽ ഗൃഹസന്ദർശനങ്ങൾ നടത്താനും സ്കൂൾ അധികൃതർ പദ്ധതി തയാറാക്കിയിട്ടുണ്ട്. പുസ്തക സമാഹരണത്തിന് ഹെഡ് മാസ്റ്റർ ആർ. മുരളീധരൻ,​ എസ്.എം.സി ചെയർമാൻ രമേശ്,​ അദ്ധ്യാപകരായ എം.ആർ. സുധീർ,​ ഫിലോമിന,​ പി.ടി.എ ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.