തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന്റെ പദ്ധതികളെല്ലാം കിഫ്ബിയിലിരിക്കുന്ന ഉദ്യോഗസ്ഥർ വെട്ടുന്ന സ്ഥിതിയാണെന്നും അവിടത്തെ ചീഫ് ടെക്‌നിക്കൽ എക്‌സാമിനർ ബകനെ പോലെയാണ് പെരുമാറുന്നതെന്നും മന്ത്രി ജി.സുധാകരൻ തുറന്നടിച്ചു. കനകക്കുന്നിൽ നാലാമത് എൻജിനിയേഴ്സ് കോൺഗ്രസ് ഉദ്ഘാടനം ചെയ്യവേയാണ് മന്ത്രി കിഫ്ബിയ്ക്കെതിരെ തിരിഞ്ഞത്.
പി.ഡബ്ല്യു.ഡി ഉദ്യോഗസ്ഥർ പദ്ധതിരേഖ വീണ്ടും അയയ്ക്കുമ്പോൾ അവർ വീണ്ടും വെട്ടും. ഒടുവിൽ എങ്ങനെയെങ്കിലും അത് ചീഫ് ടെക്നിക്കൽ എക്‌സാമിനറെന്ന രാക്ഷസന്റെ മുന്നിലെത്തും. അയാൾ ബകൻ ഭക്ഷണം കാത്തിരിക്കുന്നത് പോലെയാണ്. എല്ലാദിവസവും ആരെയെങ്കിലും കൊടുക്കണം. എപ്പോഴും ഏതെങ്കിലും റോഡ‌് വേണം പിടിച്ചുവയ്ക്കാൻ. ഇങ്ങനെയൊരാൾ എന്തിനാണ് അവിടെയിരിക്കുന്നത്. ചീഫ് എൻജിനിയർമാർ കൊടുക്കുന്ന റിപ്പോർട്ട് പരിശോധിക്കാൻ സി.ടി.ഇയായി ഒരു ചീഫ് എൻജിനിയറല്ലേ വേണ്ടത്. ഇതൊക്കെ ചെയ്തിരുന്നെങ്കിൽ കാര്യങ്ങൾ എന്നേ നേരെയായേനെയെന്നും സുധാകരൻ പറഞ്ഞു. തന്റെ മണ്ഡലത്തിലെ ഒരു പാലവും ഇത്തരത്തിൽ സി.ടി.ഇ പിടിച്ചുവച്ചിരിക്കുകയാണ്. ഏതെങ്കിലും തരത്തിലുള്ള അപാകതയുണ്ടെങ്കിൽ അത് പരിഹരിക്കാൻ പറഞ്ഞാൽ പോരെ. എന്നാൽ, അനാവശ്യമായി ഉടക്കിടുകയാണ്.
കിഫ്ബിയെ ഏൽപിച്ച റോഡുകളുടെ ഉത്തരവാദിത്വം പി.ഡബ്ല്യു.ഡിക്കല്ല.പക്ഷേ, റോഡ് വെട്ടിമുറിച്ചതിനുള്ള പഴി ഉൾപ്പെടെ പി.ഡബ്ല്യു.ഡിക്കാണ്. പഞ്ചായത്ത് റോഡുകൾ പോലും പി.ഡബ്ല്യു.ഡിയുടേതാണെന്നാണ് എം.എൽഎമാർ ഉൾപ്പെടെ കരുതുന്നത്. പൊതുമരാമത്ത് സെക്രട്ടറി ആനന്ദ് സിംഗ്, പ്രിൻസിപ്പൽ സെക്രട്ടറി രാജേഷ് കുമാർ സിംഗ് തുടങ്ങിയവർ പങ്കെടുത്തു. മികച്ച എൻജിനിയർമാർക്ക് മന്ത്രി ഉപഹാരങ്ങൾ സമ്മാനിച്ചു. വകുപ്പിന്റെ പ്രൈസ് സോഫ്‌ട്‌വെയറിന്റെ രണ്ടാംഘട്ടവും പുതുക്കിയ വെബ്സൈറ്റും മന്ത്രി ഉദ്ഘാടനം ചെയ്തു.
എൻ.എച്ച്.എയ്ക്കും വിമർശനം
ദേശീയപാതാ അതോറിട്ടിയെയും മന്ത്രി വിമർശിച്ചു. എൻ.എച്ച് വികസനം ഈ സർക്കാരിന്റെ കാലത്തും തീരില്ല. എൻ.എച്ചിന്റെ കാലാവധി കഴിഞ്ഞ് മൂന്നുവർഷം കഴിഞ്ഞാലും ദേശീയപാതാ അതോറിട്ടി പണം നൽകില്ല. കേരളത്തോട് കടുത്ത അവഗണനയാണ്. കേന്ദ്രമന്ത്രി ഗഡ്കരിക്ക് സഹായമനസ്ഥിതിയുണ്ട്. എൻ.എച്ച്.എയിലെ ഉദ്യോഗസ്ഥന്മാരാണ് പ്രശ്നമെന്നും മന്ത്രി പറഞ്ഞു.