കല്ലമ്പലം: കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത ശക്തമായ മഴയിൽ മണമ്പൂർ ഗ്രാമ പഞ്ചായത്തിലെ തെഞ്ചേരിക്കോണം പാടശേഖരത്തിൽ പത്തേക്കറിൽ വിളഞ്ഞ ഒന്നാംവിള നെൽകൃഷിയും, നാവായിക്കുളം ഗ്രാമ പഞ്ചായത്തിലെ കുടവൂർ പാടശേഖരത്തിൽ കൊയ്യാൻ പരുവം കഴിഞ്ഞ നെൽ കൃഷിയുമാണ് വെള്ളത്തിനടിയിലായത്.
രണ്ടാംവിള കൃഷിയിറക്കേണ്ട സമയം കഴിഞ്ഞിട്ടും ഒന്നാംവിള കൊയ്യാൻ പോലും സാധിക്കാത്തിനാൽ പ്രദേശത്തെ നെൽകൃഷി മുഴുവൻ അവതാളത്തിലായ സ്ഥിതിയിലാണ്. രണ്ടാം വിളകൃഷിക്കുള്ള വിത്തുപാകൽ പോലും ഇനിയും പലയിടത്തും തുടങ്ങിയിട്ടില്ല. വിത്തുകൾ യഥാസമയം കൃഷി ഓഫീസുകളിൽ നിന്ന് വിതരണം ചെയ്യാതിരുന്നതാണ് മുഖ്യ കാരണം. ആകെയുള്ള ഒരു കൊയ്ത്തു യന്ത്രം മണമ്പൂർ പഞ്ചായത്തിലും, കരവാരത്തും കൊയ്ത്തിനും ഉപയോഗിക്കേണ്ടി വരുന്നതിനാൽ ആർക്കും സമയത്ത് കൊയ്തെടുക്കുവാൻ കഴിയാത്ത സ്ഥിതിയാണുള്ളത്. നാവായിക്കുളം പഞ്ചായത്തിലാകട്ടെ കൊയ്ത്തുയന്ത്രം പോലുമില്ല. കർഷകർ നിരവധി തവണ ആവശ്യപ്പെട്ടിട്ടും യന്ത്രം വാങ്ങാൻ നടപടിയുണ്ടായില്ല. തൊഴിലാളികൾ ആരും തന്നെ ഇപ്പോൾ കൊയ്ത്തിനിറങ്ങാത്തതും നെൽകൃഷിയെ സാരമായി ബാധിച്ചിട്ടുണ്ട്. കൊയ്തെടുത്ത ചില കർഷകർ നെല്ല് പാറ്റി പരിശോധിച്ചപ്പോൾ മുക്കാൽ ഭാഗവും പതിരായിപ്പോയെന്നും, കൊള്ളാവുന്നതാകട്ടെ മുളച്ചുപോയെന്നും പറയുന്നു. പാലറ തൊട്ടിക്കല്ല് റോഡിന്റെ ഇരുവശങ്ങളിലായി കൃഷിചെയ്യുന്നവർക്ക് കലുങ്ക് നിർമിക്കാത്തതും തിരിച്ചടിയായി. കർഷകർ കലുങ്ക് നിർമ്മിച്ച് നൽകണമെന്ന് പലതവണ പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നും ആക്ഷേപമുണ്ട്. വർഷത്തിൽ രണ്ട് വിളയും കൃഷിചെയ്യുന്ന കർഷകർ ഇൻഷുറൻസ് തുക കൃത്യമായി അടക്കുന്നുണ്ടെങ്കിലും നഷ്ടപരിഹാരത്തിനായി ബന്ധപ്പെട്ടവരെ സമീപിച്ചാൽ അവിടെയും പ്രതിസന്ധികളേറെയുണ്ടെന്നാണ് പരാതി.