കിളിമാനൂർ:പൊതു വിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി പാപ്പാല ഗവൺമെന്റ് എൽ.പി.എസ് ഹൈടെക്കായി മാറി. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. സിന്ധു നിർവഹിച്ചു. സ്വിച്ചോൺ കർമ്മം വാർഡ് അംഗം ജി.എൽ. അജീഷ് നടത്തി. തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് ആവിഷ്കരിച്ച് നടപ്പിലാക്കുന്ന "സർഗ വായന സമ്പൂർണ വായന"യുടെ ഭാഗമായി സംഘടിപ്പിച്ച പുസ്തക ശേഖരണ വാരാചരണത്തിന്റെ സമാപനയോഗത്തിൽ പൂർവ വിദ്യാർത്ഥിയും പ്രശസ്ത സാഹിത്യകാരനുമായ കിളിമാനൂർ ചന്ദ്രൻ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. ധരളികയ്ക്ക് പുസ്തകങ്ങൾ കൈമാറി. പ്രീപ്രൈമറി മുതലുള്ള വിദ്യാർത്ഥികളുടെ പുസ്തക വായനയും നടന്നു. പഴയകുന്നുമ്മേൽ ഗ്രാമപഞ്ചായത്ത് സ്കൂളിന് നിർമ്മിച്ച് നൽകുന്ന സ്മാർട്ട് ക്ലാസ് ക്ലാസ് റൂമിന്റെയും 1.90 ലക്ഷം രൂപ ചെലവഴിച്ച് നടപ്പിലാക്കുന്ന വിവിധ പദ്ധതികളുടെയും നിർമ്മാണോദ്ഘാടനം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രാജേന്ദ്രൻ നിർവഹിച്ചു .യോഗത്തിൽ പി.ടി.എ പ്രസിഡന്റ് കെ.ജി. ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ പി. ലാലി, വാർഡ് അംഗങ്ങളായ ജി.എൽ. അജീഷ്, ഷീജ, എം. ഇന്ദിര, കിളിമാനൂർ ഹക്കിം, എസ്.എം.സി ചെയർമാൻ മാഹീൻ, പി.ടി.എ പ്രസിഡന്റ് ലിസ എന്നിവർ സംസാരിച്ചു. പ്രഥമാദ്ധ്യാപകൻ കെ.വി. വേണുഗോപാൽ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ജെ. സജി നന്ദിയും പറഞ്ഞു.