crime

ബാലരാമപുരം: താന്നിമൂട് കോഴോട് അനീഷ് ഭവനിൽ പെയിന്റിംഗ് തൊഴിലാളിയായ വിനീതിന്റെ (അനീഷ്, 33)​ കൊലയ്ക്കു പിന്നിൽ മദ്യം വാങ്ങാൻ പ്രതിയായ ജയകുമാറിന് ഷെയർ നൽകാത്തതും അയാളുടെ വീട്ടിൽ കിടന്നുറങ്ങാൻ ശ്രമിച്ചതിലുള്ള വൈരാഗ്യവും കാരണമായതായി പൊലീസ് കോടതിയിൽ ഹാജരാക്കിയ റിപ്പോർട്ടിൽ പറയുന്നു. പ്രതി തണ്ണീർത്തിളാകം നെടുങ്കരക്കുന്ന് വയലിൽ വീട്ടിൽ ജയകുമാറിനെ (51)​ ​ റിമാൻഡ് ചെയ്തിരിക്കുകയാണ്. കഴിഞ്ഞ 6 ന് രാത്രി 9.45 നാണ് കൊല നടന്നത്. പ്രതി ജയകുമാറും സുഹൃത്ത് അനിൽകുമാറും ചേർന്നു വാങ്ങിയ മദ്യത്തിന് ഷെയർ നൽകാതെ ബിനുവും അനീഷും ചേർന്ന് കഴിച്ചു. ഇതിന്റെ പേരിൽ മൂവരും തമ്മിൽ മദ്യലഹരിയിൽ വാക്കേറ്റമുണ്ടായി. തുടർന്ന് ജയകുമാറിന്റെ മുറിയിൽ സഹോദരൻ ബിനു ഉറങ്ങാൻ കിടന്നു. ഇതും പ്രകോപനമായി. തലയിണയിൽ ഒളിപ്പിച്ചിരുന്ന ചുറ്റികകൊണ്ട് അയാൾ ബിനുവിന്റെ മുഖത്തും തലയ്ക്കും അടിച്ചു. അപസ്മാര ബാധയുണ്ടാകുമ്പോൾ പിടിക്കാനാണ് ചുറ്റിക കരുതിയിരുന്നതത്രേ. ബിനുവിന്റെ അഞ്ച് പല്ലുകൾ നഷ്ടമാവുകയും മുഖത്ത് എല്ലിന് പരിക്കേൽക്കുകയും ചെയ്തു. തടയാനെത്തിയ അനീഷിന്റെ മുഖത്തും തലയ്ക്കും ജയകുമാർ ചുറ്റികകൊണ്ട് നിരവധി തവണ മാരകമായി അടിച്ചു. രണ്ടു പല്ലുകൾ നഷ്ടപ്പെടുകയും അനീഷ് ബോധമറ്റുവീഴുകയും ചെയ്തു . കൃത്യം നടത്തിയശേഷം ചുറ്റിക വീടിന് മുന്നിലെ തോട്ടിൽ ഒളിപ്പിച്ച് തെളിവുനശിപ്പിക്കാനും ശ്രമിച്ചു. പിറ്റേന്ന് രാവിലെ ജയകുമാറിന്റെ മകനാണ് ബാലരാമപുരം സ്റ്റേഷനിലെത്തി കൊലപാതക വിവരം അറിയിച്ചത്. കൃത്യം നടന്ന വീട്ടിൽ ഷെയറിട്ട് മദ്യപാനം പതിവായിരുന്നു. മദ്യപാനം സ്ഥിരമായതോടെ ജയകുമാറിന്റെ ഭാര്യ ആറുമാസം മുമ്പ് പിണങ്ങിപ്പോയിരുന്നു. ആശുപത്രിയിൽ കഴിയുന്ന ജയകുമാറിന്റെ സഹോദരൻ ബിനുവിന്റെ മൊഴിയും പൊലീസ് കോടതിക്ക് കൈമാറി. ജയകുമാറിനെ പൊലീസ് കസ്റ്റഡിയിൽ വാങ്ങി കൊലപാതകം നടന്ന വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തും.